'റീനയുമായുള്ള വിവാഹമോചനം എന്നെ ഏറെ വേദനിപ്പിച്ചു; കടുത്ത വിഷാദത്തിലേക്ക് വരെ എത്തി; മദ്യവിരോധിയായിരുന്ന ഞാന്‍ ഒരു ദിവസം ഒറ്റക്കുപ്പി കുടിച്ച് തീര്‍ക്കുന്ന മുഴുക്കുടിയനായി മാറി; സ്വയം നശിക്കാന്‍ ശ്രമിക്കുന്ന ദേവ്ദാസ് ആയിരുന്നു ഞാന്‍'; ആമിര്‍ ഖാന്‍

Update: 2025-03-23 08:00 GMT

ബോളിവുഡിലെ താര രാജാവാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് ആമിര്‍ ഖാന്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷിച്ചത്. വലിയ ആഘോഷമായാണ് താരത്തിന്റെ ജന്മദിനം സുഹൃത്തുക്കളും കുടുംബവും കൊണ്ടാടിയത്. പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ കാമുകിയേയും ആമിര്‍ ഖാന്‍ പരിചയപ്പെടുത്തി. കിരണ്‍ റാവുവുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ജീവിതത്തില്‍ പുതിയൊരു പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് ആമിര്‍.

ഇപ്പോഴിതാ റീനയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. 2-3 വര്‍ഷം താന്‍ വേര്‍പാടിന്റെ വേദനയിലാണ് കഴിഞ്ഞതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ''റീനയും ഞാനും പിരിഞ്ഞപ്പോള്‍ രണ്ട്-മൂന്ന് വര്‍ഷം ഞാന്‍ വേദനിച്ചു. ജോലി ചെയ്യുകയോ തിരക്കഥകള്‍ കേള്‍ക്കുയോ ചെയ്തിരുന്നില്ല. ഒന്നര വര്‍ഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു. ഒരുപാട് മദ്യപിച്ചു. നേരത്തെ ഞാന്‍ മദ്യവിരുദ്ധനായിരുന്നു. വേര്‍പിരിയലിന് ശേഷം എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി. രാത്രി ഉറക്കമില്ല. മദ്യപിക്കാന്‍ തുടങ്ങി. മദ്യപിക്കുകയേ ചെയ്യാതിരുന്ന ഒരാളില്‍ നിന്നും ഒരു ദിവസം ഒരു ബോട്ടില്‍ മുഴുവന്‍ തീര്‍ക്കുന്ന ആളായി ഞാന്‍ മാറി. സ്വയം നശിക്കാന്‍ ശ്രമിക്കുന്ന ദേവ്ദാസ് ആയിരുന്നു ഞാന്‍. ഒന്നര വര്‍ഷം അങ്ങനെയാണ് ജീവിച്ചത്. കടുത്ത വിഷാദത്തിലായിരുന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

എന്നാല്‍ പിന്നീട് യഥാര്‍ത്ഥ്യത്തെ നേരിടാന്‍ താന്‍ തയ്യാറായെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ''നഷ്ടങ്ങളെ നേരിടാന്‍ തയ്യാറകണം. അവ നമുക്ക് എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് ഉള്‍ക്കൊള്ളണം. ഒരിക്കല്‍ നമ്മളുടേതായിരുന്നത് ഇപ്പോള്‍ നമ്മുടേതല്ലെന്നത് ഉള്‍ക്കൊള്ളണം'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്താണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. അയല്‍വാസികളും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു ആമിറും റീനയും. ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചവരാണ്. വിവാഹ വാര്‍ത്ത ഏറെനാള്‍ അതീവ രഹസ്യമായാണ് ആമിറും റീനയും സൂക്ഷിച്ചത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2002ലാണ് ഇരുവരും പിരിയുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളാണ് ഇന്നും ആമിറും റീനയും.

റീനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. 2005ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു മകനാണ് ആമിര്‍ ഖാനും കിരണ്‍ റാവുവിനുമുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതിമാരായിരുന്നു ആമിറും കിരണും. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് 2021ല്‍ ആമിറും കിരണും പിരിഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ആമിറും കിരണും.

അതേസമയം ഗൗരി സ്പ്രാട്ട് ആണ് ആമിര്‍ ഖാന്റെ പുതിയ കാമുകി. സിനിമാ ബന്ധങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ് ഗൗരി. ആമിറും ഗൗരിയും 25 വര്‍ഷമായി സുഹൃത്തുക്കളാണ്. കഴിഞ്ഞ 18 മാസമായി ഇരുവരും പ്രണയത്തിലാണ്. ഗൗരിയെ ആമിര്‍ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബാംഗ്ലൂര്‍ സ്വദേശിയായ ഗൗരി ആറ് വയസുകാരന്റെ അമ്മയുമാണ്. ബോളിവുഡ് സിനിമകള്‍ കാണുന്ന ശീലം പോലും ഗൗരിയ്ക്കില്ലെന്നാണ് റി്പ്പോര്‍ട്ടുകള്‍. ഗൗരി കണ്ട ആമിര്‍ ഖാന്‍ സിനിമകള്‍ ലഗാനും ദംഗലും മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കരിയറില്‍ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. ലാല്‍ സിംഗ് ഛദ്ദയുടെ കനത്ത പരാജയമാണ് ആമിര്‍ ഖാനെ ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചത്. അധികം വൈകാതെ തന്നെ താരം തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്. താരേ സമീന്‍ പറിന്റെ രണ്ടാം ഭാഗമായ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രവുമായി ആമിര്‍ തിരികെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News