'ദക്ഷിണേന്ത്യയിൽ വയറിനും ബോളിവുഡിൽ മാറിടത്തിനും പ്രാധാന്യം, പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിക്കും'; സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടി നടി തപ്‌സി പന്നു
മുംബൈ: സിനിമാ സെറ്റുകളിൽ നടിമാരോടുള്ള സമീപനത്തെയും സ്ത്രീശരീരത്തെ അനാവശ്യമായി പ്രദർശിപ്പിക്കുന്ന രീതിയെയും രൂക്ഷമായി വിമർശിച്ച് നടി തപ്‌സി പന്നു. ദക്ഷിണേന്ത്യൻ സിനിമകളിൽ നടിമാരുടെ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ പ്രാധാന്യം നൽകുന്നതെന്ന് തപ്‌സി തുറന്നടിച്ചു. ഒരു പോഡ്‌കാസ്റ്റിനിടെയാണ് താരം സിനിമാ മേഖലയിലെ വിവേചനങ്ങളെയും ദുരനുഭവങ്ങളെയും കുറിച്ച് വെളിപ്പെടുത്തിയത്.
പ്രേക്ഷകരുടെ ചില സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്താനാണ് സംവിധായകർ ശരീരഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് തപ്‌സി പറഞ്ഞു. "ഭോജ്‌പുരി, ദക്ഷിണേന്ത്യൻ സിനിമകളിലെ ഗാനരംഗങ്ങളിൽ വയറിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ യുക്തി എന്താണെന്ന് ഇന്നും മനസ്സിലായിട്ടില്ല. എന്നാൽ ഹിന്ദി ചിത്രങ്ങളിലേക്ക് എത്തുമ്പോൾ ക്യാമറയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാറിടത്തിലാണ്," തപ്‌സി ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യൻ സിനിമകളിൽ പാഡഡ് ബ്രാ ധരിക്കാൻ സംവിധായകർ നിർബന്ധിക്കാറുണ്ടെന്നും തപ്‌സി വെളിപ്പെടുത്തി. "സംവിധായകർ നേരിട്ടല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. അസിസ്റ്റന്റ് ഡയറക്ടർ വഴി മേക്കപ്പ് ടീമിലെ ഏതെങ്കിലും സ്ത്രീയോടായിരിക്കും നിർദ്ദേശം നൽകുക. ഷൂട്ടിനിടയിൽ എല്ലാവരും നോക്കിനിൽക്കെ പാഡഡ് ബ്രാ ധരിക്കാനായി എഴുന്നേറ്റു പോകേണ്ടി വരുന്നത് എത്രത്തോളം ലജ്ജാകരമാണെന്ന് ആലോചിച്ചു നോക്കൂ," താരം ചോദിക്കുന്നു. ഇത്തരം ആവശ്യങ്ങൾ നടിമാരെ മാനസികമായി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും തപ്‌സി കൂട്ടിച്ചേർത്തു.
തമിഴിൽ വെട്രിമാരൻ ചിത്രം 'ആടുകളത്തിലൂടെ' ശ്രദ്ധിക്കപ്പെട്ട തപ്‌സി പിന്നീട് ബോളിവുഡിലെ മുൻനിര നായികയായി മാറുകയായിരുന്നു. അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' ആണ് തപ്‌സിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.