അല്ലു അര്‍ജുന്‍ ജീ, നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം; ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക: പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന്‍
ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമാണ് പുഷ്പ 2നടത്തുന്നത്. റിലീസ് ചെയ്ത് ഇതിനോടകം 700 കോടി കളക്ഷന്‍ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എല്ലാം പടത്തിന് മോശം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഇതെന്നും പടത്തിനെ ബാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ അല്ലുവിന്റെ അഭിനയത്തില്‍ നിരവധി താരങ്ങളാണ് പ്രശംസിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്‌സില്‍ കുറിച്ചു.
'അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്റെ പ്രാര്‍ത്ഥനകളും ആശംസകളും', അമിതാഭ് ബച്ചന്‍ എക്‌സില്‍ കുറിച്ചു. പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ എന്നായിരുന്നു അല്ലുവിന്റെ മറുപടി. എങ്ങനെയാണ് ബച്ചന്‍ തനിക്ക് പ്രചോദനമായത് എന്ന് അല്ലു വിശദീകരിക്കുന്ന ഭാഗം
അമിതാഭ് ബച്ചന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അല്ലു അര്‍ജുനും രംഗത്തെത്തിയിട്ടുണ്ട്. 'അമിതാഭ് ജി നിങ്ങള്‍ ഞങ്ങളുടെ സൂപ്പര്‍ ഹീറോയാണ്. താങ്കളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെ നല്ല വാക്കുകള്‍ക്കും ഉദാരമായ അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ക്കും നന്ദി,' അല്ലു അര്‍ജുന്‍ കുറിച്ചു. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.