'യുകെയിൽ വെച്ച് ഭർത്താവിന് ചെവിവേദനയുണ്ടായപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇങ്ങനെ'; കേരളത്തിലെ അവസ്ഥ അതല്ല; ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം വിഷമമുണ്ടാക്കിയെന്നും അഞ്ജു ജോസഫ്
പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല ലോകോത്തരമാണെന്ന് ഗായികയും നടിയുമായ അഞ്ജു ജോസഫ്. പത്തനംതിട്ടയിൽ നടന്ന ആരോഗ്യ-കലാ മേളയിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് താരം തന്റെ വിദേശാനുഭവം പങ്കുവെച്ചത്. തന്റെ ഭർത്താവിനുണ്ടായ ചെവിവേദനയ്ക്ക് യുകെയിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്ന് അഞ്ജു പറഞ്ഞു.
"യുകെയിലായിരുന്നപ്പോൾ ഭർത്താവിന് കഠിനമായ ചെവിവേദനയുണ്ടായി. ആശുപത്രിയിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് എഴുന്നേറ്റ് നടക്കാൻ കഴിയുമെങ്കിൽ ചികിത്സയ്ക്കായി മൂന്നുമാസം കാത്തിരിക്കണം എന്നാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ഇവിടുത്തെ സൗകര്യങ്ങൾ വെച്ചുനോക്കുമ്പോൾ നമ്മൾ ഒരുപാട് മുന്നിലാണ്. കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചതാണ്," താരം വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്ത വേദിയിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം. മന്ത്രിക്കെതിരെ അടുത്തിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അഞ്ജു അപലപിച്ചു. മന്ത്രിക്കെതിരായ ആക്രമണം കണ്ടപ്പോൾ വിഷമം തോന്നിയെന്നും സഹജീവികളോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അഞ്ജു ഇപ്പോൾ അഭിനയരംഗത്തും സജീവമാണ്.