'ഇനി ലോകയുടെ പത്തോളം കോപ്പികളുണ്ടാവും, സൗത്ത് ഇന്ത്യൻ സിനിമകളെ അനുകരിക്കാനാണ് ബോളിവുഡ് ശ്രമിക്കുന്നത്'; ബോളിവുഡ് നിർമ്മാതാക്കൾക്ക് സിനിമകളെക്കുറി ധാരണയില്ലെന്ന് അനുരാഗ് കശ്യപ്
കൊച്ചി: മലയാള സിനിമ 'ലോക'യുടെ വൻ വിജയത്തെത്തുടർന്ന് ബോളിവുഡിൽ അതിന്റെ അനുകരണങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡ് നിർമ്മാതാക്കൾക്ക് മികച്ച സിനിമകളെക്കുറിച്ചോ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സീരീസുകളെക്കുറിച്ചോ യാതൊരു ധാരണയുമില്ലെന്നും, സൗത്ത് ഇന്ത്യൻ സിനിമയുടെ വിജയങ്ങൾ കണ്ട് അതേ പാത പിന്തുടരാൻ ശ്രമിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും കശ്യപ് കുറ്റപ്പെടുത്തി.
ബോളിവുഡില്‍ ലോകയുടെ കോപ്പികളുടെ കുത്തൊഴുക്കായിരിക്കുമെന്നാണ് അനുരാഗ് പറയുന്നത്. ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാതാക്കൾക്ക് അവരുടെ സിനിമകളിൽ ശക്തമായ ഉള്ളടക്കവും പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബോളിവുഡ് നിർമ്മാതാക്കൾക്ക് ഇത്തരം കഴിവുകളില്ലെന്നും, തങ്ങളുടെ സിനിമകളുടെ പോസ്റ്ററുകൾ മാത്രം കാണാനാണ് അവർക്ക് ഇഷ്ടമെന്നും കശ്യപ് പരിഹസിച്ചു.
'ഹിന്ദി സിനിമയിൽ നല്ല നിർമ്മാതാക്കളുടെ കുറവുണ്ട്. സൗത്ത് ഇന്ത്യൻ നിർമ്മാതാക്കൾ വൻ വിജയ ചിത്രങ്ങൾ നിർമ്മിക്കുന്നത് കണ്ട് അവരെ അനുകരിക്കാൻ ശ്രമിക്കുന്നവരാണ് ബോളിവുഡ് നിർമ്മാതാക്കൾ. അവർക്ക് സ്വന്തമായി ഒരു ആശയങ്ങളോ ദീർഘവീക്ഷണമൊ ഇല്ല. 'ലോക'യുടെ വിജയം നോക്കൂ. അവർ അവിടെ സഹകരിച്ച് സിനിമകൾ നിർമ്മിക്കുമ്പോൾ, ബോളിവുഡ് മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ഉടൻ തന്നെ അവർ 'ലോക'യുടെ പത്തോളം കോപ്പികൾ പുറത്തിറക്കും,'
ബോളിവുഡിനെ നശിപ്പിക്കുന്നത് കോർപ്പറേറ്റ് സമ്പ്രദായമാണെന്നും, ഇത് ഒറിജിനാലിറ്റി നഷ്ടപ്പെടുത്തിയെന്നും കശ്യപ് നേരത്തെയും പറഞ്ഞിരുന്നു. 'ട്രയൽ റൂം എഫക്ട്' ബോളിവുഡിനെ ബാധിച്ചിട്ടുണ്ടെന്നും, സിനിമയെ ജീവിതമായി മാത്രം കാണുന്ന രണ്ടാം തലമുറ നിർമ്മാതാക്കൾക്ക് പുതിയ കാഴ്ചപ്പാടുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.