ഗാനമേളയ്ക്ക് കൈയടിച്ച് ഡാന്‍സ് ചെയ്ത പെണ്‍കുട്ടികളോട് ഗുണ്ടായിസം; ചുട്ടമറുപടിയുമായി അനുശ്രീ; നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുമെന്ന് നടി
ഗാനമേളയ്ക്ക് കൈയടിച്ച് ഡാന്‍സ് ചെയ്ത പെണ്‍കുട്ടികളോട് ഗുണ്ടായിസം
തിരുവനന്തപുരം: ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെണ്‍കുട്ടികള്‍ കൈയടിച്ച് ഡാന്‍സ് ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ആളുകളുടെ വീഡിയോ ഒരു പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടി പ്രതികരിച്ചത്.
'ഉത്സവം ഗുണ്ടായിസം ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് നാലിന് നടന്ന സംഭവം ആണ്. മാന്യമായ രീതിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും 'വീട്ടില്‍ പോയി നിരങ്ങാനും' ആണു പറഞ്ഞത്. സ്പോട്ടില്‍ തന്നെ പ്രതികരിക്കുകയും, പൊലീസ് ഇടപെട്ടു അവരെ അവിടന്ന് മാറ്റുകയും ചെയ്തു. നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും.
ഈ വീഡിയോ അന്ന് എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലില്‍ ആണ് ഞാന്‍ അപ്ലോഡ് ചെയ്തത്.'- എന്ന അടിക്കുറിപ്പോടെയാണ് പെണ്‍കുട്ടി വീഡിയോ പങ്കുവച്ചത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ട് കുറച്ചുനാളായെങ്കിലും ഇത് ഇപ്പോഴാണ് അനുശ്രീയുടെ ശ്രദ്ധയില്‍പ്പെട്ടത്. 'ഇത്രയും പറഞ്ഞത് പോരായിരുന്നു. അത്രയെങ്കിലും പറഞ്ഞത് എന്തായാലും നന്നായി'- എന്നാണ് അനുശ്രീ കമന്റ് ചെയ്തത്. ഈ കമന്റ് വളരെപ്പെട്ടന്നുതന്നെ വൈറലാകുകയും ചെയ്തു. തന്റെ വീടിനടുത്തുള്ള ഉത്സവത്തില്‍ സജീവമായി പങ്കെടുക്കുന്നയാളാണ് അനുശ്രീ.