നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നത്; മൂന്ന് മണിക്കൂറുള്ള സിനിമയെ എന്റര്‍ടെയ്മെന്റ് എന്ന നിലയില്‍ കാണണം; ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും: ആസിഫ് അലി
നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് നടന്‍ ആസിഫ് അലി. 'എമ്പുരാന്‍' വിവാദത്തില്‍ പ്രതികരിച്ചു കൊണ്ടാണ് ആസിഫ് അലി മാധ്യമങ്ങളോട് സംസാരിച്ചത്. മൂന്ന് മണിക്കൂറുള്ള സിനിമയെ എന്റര്‍ടെയ്മെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും എന്നാണ് ആസിഫ് അലി പറയുന്നത്.
'സിനിമയെ സിനിമയായി കാണുക. അത് ആസ്വാദനത്തിന് ഉള്ളതാണ്. സാങ്കല്‍പ്പികമാണെന്ന് എഴുതി കാണിച്ചല്ലേ സിനിമ ആരംഭിക്കുന്നത്. സിനിമ എത്രത്തോളം സ്വാധീനിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. സിനിമയായാലും ചുറ്റുപാടായാലും അതെ. സോഷ്യല്‍ മീഡിയയ്ക്ക് ലാലേട്ടനെന്നോ ഞാനെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ സാധിക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത്.''
''ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയും പോലെ. അതിന്റെ വകഭേദമാണ് പലസമയത്തും കാണുന്നത്. സോഷ്യല്‍ മീഡിയ ആക്രമണം അനുഭവിച്ചാലെ അതിന്റെ വിഷമം മനസ്സിലാകൂ. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവര്‍ക്കൊപ്പം നില്‍ക്കും'' എന്നാണ് ആസിഫ് അലിയുടെ പ്രതികരണം.
അതേസമയം, എമ്പുരാന്റെ രാഷ്ട്രീയ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. റീ എഡിറ്റ് ചെയ്ത ചിത്രമാണ് ഇനി തിയേറ്ററുകളില്‍ എത്തുക. വിവാദത്തിനിടെയിലും ചിത്രം 165 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. മാത്രമല്ല ഈ വീക്കെന്‍ഡില്‍ എമ്പുരാന്‍ ആഗോള കളക്ഷനില്‍ മൂന്നാം സ്ഥാനം കൈവരിച്ചു. ഹോളിവുഡ് സിനിമകളെയും ഈ വര്‍ഷത്തെ വലിയ വിജയമായ ബോളിവുഡ് ചിത്രം 'ഛാവ'യെയും മറികടന്നാണ് എമ്പുരാന്‍ ഈ നേട്ടത്തിലേക്ക് എത്തിയത്.