'ഒരാൾ കൊലപ്പെടുത്തി, മറ്റുള്ളവർ സഹായിച്ചു, അറസ്റ്റിലായത് അഞ്ച് പേർ'; ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി; കുറ്റപത്രം ഉടൻ സമർപ്പിക്കും
ഗുവാഹത്തി: പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണം അപകടമല്ല, കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിംഗപ്പൂരിൽ നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിസംബർ 8-നകം കുറ്റപത്രം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19-ന് സിംഗപ്പൂരിലെ ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ കടലിൽ നീന്തുന്നതിനിടയിലാണ് സുബീൻ ഗാർഗ് മരിച്ചത്.
'ഒരാൾ ഗാർഗിനെ കൊലപ്പെടുത്തി. മറ്റുള്ളവർ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.' പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമികമായി മുങ്ങിമരണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് കൊലപാതകക്കുറ്റം (ബിഎൻഎസ് 103) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയത്.
കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയും മറ്റ് തെളിവുകളും ശേഖരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്ത എന്നിവരുൾപ്പെടെ കേസിൽ ഇതുവരെ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ഗായകന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയായ സന്ദീപൻ ഗാർഗും ഉൾപ്പെടുന്നു.
സുബീന് വിഷം നൽകിയെന്നും ചികിത്സ നൽകുന്നതിൽ മനഃപൂർവം തടസ്സം വരുത്തിയെന്നുമുള്ള നിർണായക മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരണം വിദേശത്ത് സംഭവിച്ചതിനാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) അനുമതി ആവശ്യമാണ്. ഇത് വേഗത്തിൽ ലഭ്യമാക്കാൻ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗായകന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അസമിൽ വൻ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.