ജിമ്മിൽ പോയാൽ ആണായി മാറാമെന്ന് സമൂഹമാധ്യമത്തിൽ കമന്റ്; എന്റെ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ല; ബോഡി ഷെയ്മിങിന് ചുട്ട മറുപടിയുമായി ദയ സുജിത്ത്

Update: 2026-01-03 10:53 GMT

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ വന്ന ബോഡി ഷെയ്മിങ് കമന്റിന് ചുട്ട മറുപടിയുമായി നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്ത്. തനിക്ക് ആണത്തം കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണമായും ആണായി മാറുമെന്നും സമൂഹ മാധ്യമത്തിലൂടെ ഒരാൾ കമന്റ് ചെയ്തതിനെതിരെയാണ് ദയയുടെ ശക്തമായ പ്രതികരണം.

തന്റെ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം കമന്റിട്ടയാൾക്ക് ഇല്ലാതെ പോയതിൽ ഖേദമുണ്ടെന്ന് ദയ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ തുറന്നുപറഞ്ഞു. "എന്റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ്‌ നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ. തീർന്നു" എന്നായിരുന്നു ദയയുടെ പ്രതികരണം.

നേരത്തെയും ദയ ശരീരഭാരത്തെ ചൊല്ലി പരിഹസിച്ചവർക്ക് ശക്തമായ മറുപടി നൽകിയിരുന്നു. "നീ ഫുൾ വണ്ണം വച്ചല്ലോ, പഴയ നീയല്ലല്ലോ ഇത്" എന്ന് പറഞ്ഞവർക്ക്, സ്വന്തം കുറവുകൾ മറച്ചുവെച്ച് മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കുന്നവരുടെ സ്വഭാവത്തെ വിമർശിച്ചുകൊണ്ട് 'കളിക്കല്ലേ' എന്ന മാസ്സ് ഡയലോഗോടെയാണ് അന്ന് ദയ പ്രതികരിച്ചത്. 

Tags:    

Similar News