'സത്യം പറഞ്ഞാൽ...ആ ക്ലിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി; ഇവർക്ക് ഒരു പണിയും ഇല്ലേ..'; ധനുഷുമായി പ്രണയത്തിലോ?; ഒടുവിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് മൃണാൾ

Update: 2025-08-12 08:47 GMT

മുംബൈ: തമിഴ് സൂപ്പർതാരം ധനുഷുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടി മൃണാൾ താക്കൂർ. പ്രചരിക്കുന്നവയെല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും മൃണാൾ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം.

"സൺ ഓഫ് സർദാർ 2" എന്ന ചിത്രവുമായി ബന്ധപ്പെട്ട് മുംബൈയിൽ നടന്ന ചടങ്ങിൽ ധനുഷും മൃണാളും സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. "ഈ വാർത്തകൾ കണ്ടപ്പോൾ തനിക്ക് തമാശയാണ് തോന്നിയത്," എന്ന് മൃണാൾ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങിലേക്ക് ധനുഷിനെ ക്ഷണിച്ചത് താനല്ലെന്നും നടൻ അജയ് ദേവ്ഗൺ ആണെന്നും അതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആരും അമിതമായി ചിന്തിക്കേണ്ടതില്ലെന്നും മൃണാൾ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാളിന്റെ ജന്മദിന ആഘോഷത്തിൽ ധനുഷ് പങ്കെടുത്തതും ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനുപുറമെ, ധനുഷിന്റെ പുതിയ ചിത്രമായ 'തേരേ ഇഷ്ക് മേനി'ന്റെ അണിയറപ്രവർത്തകർക്കായി നടത്തിയ പാർട്ടിയിലും മൃണാൾ പങ്കെടുത്തിരുന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തിക്, വിമല ഗീത എന്നിവരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ തുടങ്ങിയതും അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയായിരുന്നു.

Tags:    

Similar News