'ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മക്കളുടെ വളർച്ച കാണാൻ പറ്റുന്നത് മാതാപിതാക്കളുടെ പുണ്യം'; എംബിഎക്കാർ കണ്ടുപഠിക്കുന്നത് ആന്റണി പെരുമ്പാവൂരിനെയാണെന്നും ദിലീപ്
കൊച്ചി: നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയാകുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ചടങ്ങിൽ നടൻ ദിലീപ് ഉൾപ്പെടെ നിരവധി സിനിമാ പ്രവർത്തകർ പങ്കെടുത്തു. പൂജ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇത് വലിയ സന്തോഷം നൽകുന്നു എന്നും ദിലീപ് പറഞ്ഞു. മോഹൻലാൽ-സുചിത്ര ദമ്പതികളുടെ മക്കൾ സിനിമയിലേക്ക് കടന്നുവരുന്നത് ഒരു പുണ്യമാണെന്ന് ദിലീപ് അഭിപ്രായപ്പെട്ടു.
അവരുടെ വളർച്ചയും നല്ല കാര്യങ്ങളും കാണാൻ സാധിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ സ്നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തിലെ ഈ ഗംഭീര ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചതിൽ ദിലീപ് ആത്മാർത്ഥമായ നന്ദി അറിയിച്ചു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതൽ അറിയുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ എന്നും, അദ്ദേഹത്തിന്റെ വളർച്ചയെയും പ്രയത്നത്തെയും അഭിനന്ദിക്കുന്നതായും ദിലീപ് പറഞ്ഞു. എം.ബി.എ. പഠിച്ചിട്ടില്ലെങ്കിലും, ലോകത്തിലെ ഏറ്റവും കൂടുതൽ എം.ബി.എ.ക്കാർ കണ്ടുപഠിക്കുന്നത് ആന്റണി പെരുമ്പാവൂരിനെയാണ്. കാരണം അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ ഗംഭീരമായി സംഘടിപ്പിക്കുന്നു എന്നും ദിലീപ് പ്രശംസിച്ചു.
1992-ൽ 'ഉള്ളടക്കം' എന്ന സിനിമയിൽ അസിസ്റ്റന്റായി ലാലേട്ടനോടൊപ്പം പ്രവർത്തിച്ച ഓർമ്മകൾ ദിലീപ് പങ്കുവെച്ചു. അന്ന് ബാലാജി പ്രൊഡക്ഷൻസിനുവേണ്ടി സുരേഷ് ബാലാജി ആയിരുന്നു നിർമ്മാണം. ഇന്ത്യൻ സിനിമയിലെ എടുത്തു പറയുന്ന ബാനറായിരുന്നു ബാലാജി പ്രൊഡക്ഷൻസെന്നും അദ്ദേഹം ഓർത്തു. ഈ ചടങ്ങിൽ സുചി ചേച്ചിക്കാണ് ഏറ്റവും അഭിമാനമർഹിക്കുന്ന കാര്യമെന്നും, വലിയ നിർമ്മാതാവിന്റെയും നടന്റെയും മകളും, പ്രിയപ്പെട്ട ലാലേട്ടന്റെ ഭാര്യയും, ഇരുവരുടെയും മക്കൾ സിനിമയിലേക്ക് വരുന്നു എന്നത് മാതാപിതാക്കൾക്ക് ഒരു പുണ്യമാണെന്നും ദിലീപ് പറഞ്ഞു. 'തുടക്കം' വിസ്മയയുടെയും മറ്റ് അണിയറ പ്രവർത്തകരുടെയും കരിയറിൽ ഒരു നാഴികക്കല്ലാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.