അമ്മയുടെ സ്നേഹം താങ്കളുടെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും; പഠനകാലത്ത് നൽകിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല; കുറിപ്പുമായി ബി. ഉണ്ണികൃഷ്ണൻ

Update: 2025-12-30 11:16 GMT

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. തിരുവനന്തപുരത്തെ തന്റെ കോളജ് പഠനകാലത്ത് അവർ നൽകിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ലോകത്തിന് മഹാനായ ഒരു കലാകാരനെ സമ്മാനിച്ചതോടൊപ്പം, അതുല്യനായ ഒരു മനുഷ്യനെയും അവർ വളർത്തിയെടുത്തുവെന്ന് ബി.ഉണ്ണികൃഷ്ണൻ തന്റെ കുറിപ്പിൽ പറഞ്ഞു.

ബി.ഉണ്ണികൃഷ്ണന്റെ കുറിപ്പ്:

അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ എന്റെ കോളജ് പഠനകാലത്ത് അവർ എനിക്ക് ചൊരിഞ്ഞുതന്ന സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല. ലോകത്തിന് മഹാനായ ഒരു കലാകാരനെയാണ് അവർ സമ്മാനിച്ചത്. അതിലുപരി, അതുല്യനായ ഒരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. ലാൽ സാർ, അമ്മയുടെ സ്നേഹം താങ്കളുടെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ നഷ്ടത്തിൽ, ഈ ദുഃഖത്തിൽ താങ്കളോടൊപ്പം.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്.

89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.

Tags:    

Similar News