'രാമുവിന്റെ മാർക്ക് ഞാൻ കാശിക്കു കൊടുക്കില്ല'; പക്ഷെ വിക്രമിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി; കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി; കുറിപ്പുമായി സംവിധായകൻ വിനയൻ
കൊച്ചി: സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് ചലച്ചിത്രലോകത്തും സമൂഹമാധ്യമങ്ങളിലും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. വിനയന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വിക്രം നായകനായ 'കാശി'. കലാഭവൻ മണി നായകനായെത്തിയ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു വിക്രമൻ ചിത്രം. റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷേ കേരളത്തിൽ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്.
കാശി സിനിമയുടെ സെറ്റിൽ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയൻ തന്റെ ഓർമ്മകൾ കുറിച്ചത്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ രാമുവിന്റെ മാർക്ക് ഞാൻ വിക്രമിന്റെ കാശിക്കു കൊടുക്കില്ലെങ്കിലും... പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയിൽ എത്തി. മാത്രമല്ല ആ വർഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി. അപ്പോഴും ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി." എന്നും വിനയൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തമിഴ് ചിത്രം “കാശി” യുടെ സെറ്റിൽ നടൻ വിക്രമിനോടൊപ്പം.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ രാമുവിന്റെ മാർക്ക് ഞാൻ വിക്രമിന്റെ കാശിക്കു കൊടുക്കില്ലൻകിലും.. പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയിൽ എത്തി.. മാത്രമല്ല ആ വർഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാർഡ് വിക്രമിനു കിട്ടി.. അപ്പഴും ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി…
മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും വലുതും ചെറുതുമായ വേഷങ്ങളിൽ കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. 12 സിനിമകളിലധികം ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.