''ഇന്ത്യ ഈസ് ഇന്ദിര ആൻഡ് ഇന്ദിര ഈസ് ഇന്ത്യ..''; ഒടുവിൽ കങ്കണയുടെ 'എമർജൻസി' തീയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Update: 2024-11-18 13:21 GMT

ന്യുഡല്‍ഹി: കങ്കണ റണൗത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമർജൻസി'. താരം തന്നെ നായികയായെത്തുന്ന ചിത്രം വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരുന്നത്. ടീസർ പുറത്ത് വന്നതോടെ നിരവധി മതസംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് പല തവണയാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കേണ്ടി വന്നത്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷൻ വൈകിയതും തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്.

'എമർജൻസി'യുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്. സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജൻസിയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത്. സിനിമ നിര്‍മ്മാതാക്കള്‍ മൂന്ന് കട്ടുകള്‍ വരുത്തുകയും, ചിത്രത്തിലെ ചില വിവാദ ചരിത്ര പ്രസ്താവനകള്‍ ഫാക്ട്‌ചെക്ക് ചെയ്യണമെന്ന വ്യവസ്ഥയിലാണ് സിബിഎഫ്സിയുടെ പരിശോധനാ സമിതി ചിത്രത്തിന് 'യുഎ' സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത് എന്നാണ് വിവരം.

1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. 

Tags:    

Similar News