'മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സ്ക്രീൻ പങ്കിടാൻ സാധിക്കുന്നത് മുൻജന്മഭാഗ്യം'; പാട്രിയറ്റില്‍ ഫഹദ് വില്ലനോ?; സസ്പെന്‍സ് പൊളിച്ച് ഫഫ
കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വൻ താരനിര ചിത്രമായ 'പാട്രിയറ്റിൽ' താൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായതിനാൽ 'പാട്രിയറ്റ്' ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. ഏപ്രിൽ 23ന് ചിത്രം തിയേറ്ററുകളിലെത്തും.
ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ സംസാരിക്കവെയാണ് ഫഹദ് ഈ സർപ്രൈസ് വെളിപ്പെടുത്തൽ നടത്തിയത്. "എന്റെ അടുത്ത മലയാളം റിലീസ് 'പാട്രിയറ്റ്' ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. ഇവരുടെ കൂടെ ഒരു സ്ക്രീൻ പങ്കിടാൻ സാധിക്കുന്നത് മുൻജന്മഭാഗ്യമാണ്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. 'പാട്രിയറ്റിൽ' ഞാൻ വില്ലനാണ്," ഫഹദ് പറഞ്ഞു.
'ആവേശം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2027ലോ 2028ലോ സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' ഒരു സ്പൈ ത്രില്ലറാണ്. ആൻ്റോ ജോസഫും കെ.ജി. അനിൽകുമാറുമാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.