രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും; ജയിലര്‍ രണ്ടില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്

രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും

Update: 2025-04-24 17:45 GMT

ചെന്നൈ: തെന്നിന്ത്യയില്‍ വന്‍ഹിറ്റായ ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലര്‍ 2വിന്റെ ഷൂട്ടിങ് അട്ടപ്പാടിയില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. രജനികാന്ത്, രമ്യ കൃഷ്ണന്‍, മിര്‍ണ മേനോന്‍ തുടങ്ങിയവരാണ് ജയിലര്‍ 2 ഷൂട്ടിനായി അട്ടപ്പാടിയിലെത്തിയത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വേട്ടയ്യന്‍ എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം ഫഹദ് എത്തിയിരുന്നു. രജനിക്കൊപ്പമുള്ള ഫഹദിന്റെ കോമ്പോ തമിഴ് - മലയാളം പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നു. ജയിലര്‍ 2 വിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഇരട്ടി സന്തോഷത്തിലാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 വില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

അട്ടപ്പാടിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി രജനി അടക്കമുള്ളവര്‍ ഇന്ന് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ബാക്കി ഷെഡ്യൂളുകള്‍ ചെന്നൈയിലാണ് ചിത്രീകരിക്കുക. അട്ടപ്പാടി ഗോഞ്ചിയൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജയിലര്‍ 2 വിന്റെ ചിത്രീകരണം. അമ്പതോളം കുടുംബങ്ങളുള്ള ഊരിലെ പലരും സിനിമയുടെ ഭാഗമാണ്.

ജയിലര്‍ 2 സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഗോഞ്ചിയൂരില്‍ ചിത്രീകരിച്ചത്. കോടികള്‍ ചെലവഴിച്ച് പടു കൂറ്റന്‍ സെറ്റുകളാണ് ഇവിടെ നിര്‍മിച്ചതും. വരും ദിവസങ്ങളില്‍ സെറ്റ് പൊളിച്ചു നീക്കും. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജയിലര്‍ ആദ്യ ഭാഗം 600 കോടിയാണ് തിയറ്ററുകളില്‍ നേടിയത്.

Tags:    

Similar News