'എനിക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്, ഈ അശ്ലീല ചിത്രങ്ങൾ അവൻ കാണാൻ സാധ്യതയുണ്ട്, അത് എന്നെ ഭയപ്പെടുത്തുന്നു'; സെക്ഷ്വലൈസ് ചെയ്ത് പ്രചരിപ്പിക്കുന്നത് എഐ നിർമിത ചിത്രങ്ങളെന്ന് ഗിരിജ ഓക്ക്
മുംബൈ: ദിവസങ്ങൾക്ക് മുൻപാണ് നടി ഗിരിജ ഓക്കിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തകളിൽ ഇടം നേടിയത്. നീല സാരിയിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ചിലർ പ്രശംസിച്ചും മറ്റുചിലർ തെറ്റായ രീതിയിലും ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗിരിജ ഓക്ക്. തന്റെ എഐ നിർമിത ചിത്രങ്ങള്‍ സെക്ഷ്വലൈസ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് നടി പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങൾ തന്നെ ഭയപ്പെടുത്തുന്നതായും, ഇത് തന്റെ കുടുംബത്തെയും ബാധിക്കുമെന്നും ഗിരിജ ഓക്ക് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീല സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച നടിയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവയിൽ ചിലത് തെറ്റായ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്. 'എനിക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. അവൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെങ്കിലും, വളർന്നുവരുമ്പോൾ ഈ ചിത്രങ്ങൾ കാണാൻ സാധ്യതയുണ്ട്. കാരണം ഇന്റർനെറ്റിൽ ലഭ്യമാകുന്ന ഇത്തരം ചിത്രങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കും. അശ്ലീലകരമായ ചിത്രങ്ങൾ കാണാൻ ഇടയാകുന്നത് തന്നെ ഭയപ്പെടുത്തുന്നു,' ഗിരിജ ഓക്ക് പറഞ്ഞു.
ഈ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും എഐ നിർമ്മിതമാണെന്നും തനിക്കും ഇത് കാണുന്നവർക്കും അറിയാമെങ്കിലും, ഇതിലൂടെ ചിലർക്ക് ലഭിക്കുന്ന വിലകുറഞ്ഞ ത്രില്ലും ഒരുതരം ഇക്കിളിപ്പെടുത്തലുമാണ് തന്നെ അലട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നവരോട് ഇത് തെറ്റാണെന്ന് മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കാനേ എനിക്ക് കഴിയൂ. അതുപോലെ, ഇത്തരം ചിത്രങ്ങൾ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നവരും ഈ പ്രശ്നത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. നിങ്ങളുടെ ചിന്താഗതി മാറ്റാൻ അഭ്യർത്ഥിക്കാൻ മാത്രമേ എനിക്ക് സാധിക്കൂ,' ഗിരിജ ഓക്ക് വ്യക്തമാക്കി.
'ലല്ലൻടോപ്പ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ ഒരു ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഈ നീല സാരി ലുക്ക് വൈറലായതോടെ ഗിരിജയെ 'ഇന്ത്യയുടെ സ്വീഡിഷ് സ്വീനി', 'മോണിക്ക ബെല്ലൂച്ചി' എന്നുമൊക്കെയാണ് ചിലർ വിശേഷിപ്പിക്കുന്നത്. ബോളിവുഡിൽ ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ലൂടെ ശ്രദ്ധേയയായ ഗിരിജ, മറാത്തി സിനിമയിൽ സജീവമാണ്. മുതിർന്ന മറാത്തി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് ഇവർ.
