'മകളുടെ വേര്‍പാട് ഇന്നും നെഞ്ചില്‍ ഒരു ഭാരമുള്ള ഓര്‍മയായി നിലനില്‍ക്കുന്നു; അവളുടെ വിയോഗത്തിന് ശേഷം ആ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞു; സംഗീതത്തില്‍ മാത്രമായിരുന്നു ശ്രദ്ധ; അതിനിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖം'; ഇയളരാജ

Update: 2025-01-27 12:57 GMT

മകള്‍ ഭവതാരിണിയുടെ ഒന്നാം ഓര്‍മദിനത്തില്‍ വൈകാരികമായ പോസ്റ്റുമായി സംഗീത സംവിധായകന്‍ ഇളയരാജ. മകള്‍ വേര്‍പ്പെട്ടിട്ട് ഒരു വര്‍ഷം ആയെങ്കിലും ആ വേര്‍പാട് ഇന്നും നെഞ്ചില്‍ ഒരു ഭാരമുള്ള ഓര്‍മയായി നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. ആ വിയോഗത്തിന് ശേഷം താന്‍ മകളുടെ സ്‌നേഹം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയം സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് തന്നെ മകള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ തനിക്കായില്ലെന്നും അദ്ദേഹം ദുഃഖത്തോടെ കൂട്ടിച്ചേര്‍ത്തു.

'എന്റെ പ്രിയ പുത്രി ഭവതാ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. അവള്‍ മരിച്ചതിനുശേഷമാണ് അവള്‍ക്ക് എന്നോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് ഞാന്‍ തിരിച്ചറഞ്ഞത്. ഞാന്‍ എന്റെ സമയം മുഴുവന്‍ സംഗീതത്തിനു വേണ്ടിയാണ് മാറ്റിവച്ചത്. അതുകൊണ്ട് എന്റെ മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ പോയത്. അതില്‍ ഞാനിന്ന് ദുഃഖിക്കുന്നു. അസംഖ്യം ആളുകള്‍ക്ക് ആശ്വാസം പകരുന്ന സംഗീതം ഈ പ്രയാസകരമായ സമയത്ത് എനിക്ക് ഒരു ചെറിയ ആശ്വാസം നല്‍കുന്നുണ്ട്.

എന്റെ മകളുടെ ജന്മദിനമാണ് ഫെബ്രുവരി 12ന്. അന്നേ ദിവസം അവളുടെ പേരില്‍ ഒരു അനുസ്മരണ പരിഅപാടി സംഘടിപ്പിക്കുന്നുണ്ട്. എന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം ആ പരിപാടിയിലേക്കു ഞാന്‍ ക്ഷണിക്കുന്നു. എന്റെ മകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്'. ഇളയരാജയുടെ വാക്കുകള്‍.

അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ 47ാം വയസ്സിലാണ് ഭവതാരിണി വിടവാങ്ങിയത്. ഗായികയുടെ വേര്‍പാട് സംഗീതലോകത്തെ ഏറെ വേദനിപ്പിച്ചു. 1976ല്‍ ചെന്നൈയില്‍ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. 'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.

മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ 'കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍', പൊന്മുടി പുഴയോരത്തിലെ 'നാദസ്വരം കേട്ടോ' എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. 2000ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളചിത്രമായ 'മായാനദി' ആണ് അവസാന ചിത്രം.

Tags:    

Similar News