പാര്‍വതിക്ക് വീണ്ടും കെട്ടാനുള്ള താലി റെഡിയാണ്; കെട്ടേണ്ട മുഹൂര്‍ത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണം; 60-ാം പിറന്നാളില്‍ പാര്‍വതിയെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങി ജയറാം

Update: 2024-12-10 10:07 GMT

മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ജയറാം. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനോളം സ്ഥാനം നേടിയ മറ്റൊരു കലാകാരനില്ല. ഫാമിലി ഓറിയന്റഡ് ചിത്രങ്ങളില്‍ തളയ്ക്കപ്പെട്ടെങ്കില്‍ പോലും മലയാളികളുടെ ഹൃദയത്തില്‍ ജയറാം നേടിയ പ്രത്യേക സ്ഥാനം അദ്ദേഹം ചെയ്ത കുടുംബ ചിത്രങ്ങളില്‍ നിന്നുണ്ടായതാണ്. ഇന്ന് 60-ാം വയസിന്റെ നിറവില്‍ ജയറാം.

ഏറെ സന്തോഷം നിറഞ്ഞ വര്‍ഷമായിരുന്നു ഇത്. വീട്ടിലേക്ക് രണ്ട് പുതിയ ആളുകള്‍ക്കൂടി കടന്നുവന്നിരിക്കുകയാണ്. ചെന്നൈയിലെ വീട്ടിലാണ് ജയറാം. ഇത്തവണ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനാണ് പദ്ധതി. പാര്‍വതിക്ക് ഒരിക്കല്‍ കൂടി താലി ചാര്‍ത്താനും ജയറാം ആലോചിക്കുന്നുണ്ട്.

തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാല്‍ ഭര്‍ത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടത്രേ. പ്രായം എഴുപതും എണ്‍പതും ആയാല്‍, ഓരോ താലികെട്ടുകള്‍ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നല്‍കേണ്ടത്. ഇന്നത്തെ തലമുറയില്‍ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. താലി റെഡി ആക്കിയിട്ടുണ്ട്. പാര്‍വതിക്ക് വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂര്‍ത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണം എന്നും അദ്ദേഹം പറയുന്നു.

ഈ വര്‍ഷവും ജയറാമിനെ സംബന്ധിച്ചടത്തോളം ഭാഗ്യ വര്‍ഷമായിരുന്നു. മകന്‍ കാളിദാസിന്റെയും, മകള്‍ ചക്കിയിടെയും വിവാഹം ഈ വര്‍ഷമാണ് നടന്നത്. കാളിദാസിന്റെ വിവാഹം ഇക്കഴിഞ്ഞ എട്ടിനായിരുന്നു. ചക്കി വിവാഹം നടന്നത് ഈ വര്‍ഷം തന്നെ മെയ് മാസത്തിലും.

Tags:    

Similar News