'100 കോടി ബജറ്റിൽ നിർമ്മിക്കുന്ന മറ്റു ഭാഷകളിലെ സിനിമകളെക്കാൾ മികച്ചത്'; 30 കോടി ബജറ്റിൽ ഒരുക്കിയത് മികച്ച ദൃശ്യാനുഭവം; 'ലോക'യുടെ സാങ്കേതിക മികവിനെ പ്രശംസിച്ച് ജയറാം

Update: 2025-09-11 11:53 GMT

കൊച്ചി: 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്‌സിനെ പ്രശംസിച്ച് നടൻ ജയറാം. 100 കോടി ബജറ്റിൽ നിർമ്മിക്കുന്ന മറ്റു ഭാഷകളിലെ സിനിമകളെക്കാൾ മികച്ച ദൃശ്യാനുഭവം 'ലോക' നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 30 കോടി ബജറ്റിൽ നിർമ്മിച്ച സിനിമയാണിതെങ്കിലും, 100 കോടിയുടെ എഫക്ട്‌സ് നൽകാൻ സാധിച്ചുവെന്ന് ജയറാം അവകാശപ്പെട്ടു. മിറൈ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോക' മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം നേടിയ 'ലോക', മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ സിനിമയാണ്. കേരളത്തിനു പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക' അഞ്ച് ഭാഗങ്ങളുള്ള ഒരു സീരീസിലെ ആദ്യ ചിത്രമാണ്. ആദ്യ ഭാഗത്തിൽ ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, മമ്മൂട്ടി എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. നസ്ലൻ, ചന്തു സലീംകുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസായിരിക്കും പ്രധാന കഥാപാത്രമെന്ന് സൂചനകളുണ്ട്. 'ലോക'യുടെ സാങ്കേതിക മികവ് മറ്റു ഭാഷകളിലെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് മാതൃകയാവുമെന്നും ജയറാം കൂട്ടിച്ചേർത്തു.

Tags:    

Similar News