നേരെ സംസാരിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞവരുണ്ട്; കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; പക്ഷെ..ചിലർ അങ്ങനെയല്ല; തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ
കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെഴകാത്തതിനാൽ പല വിവരങ്ങളും അറിയാതെ പോകുന്നുണ്ടെന്ന് നടി കല്യാണി പ്രിയദർശൻ. മറ്റ് താരങ്ങളെ അപേക്ഷിച്ച് താൻ ഇതിൽ അത്ര സജീവമല്ലെന്നും, എന്നാൽ ലഭിക്കുന്ന പ്രതികരണങ്ങൾ പലപ്പോഴും സ്നേഹത്തോടെയാണെന്നും അവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് മലയാളം സംസാരിക്കാൻ പോലും അറിയില്ലായിരുന്നുവെന്നും താരം അനുസ്മരിച്ചു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും, നല്ല അഭിപ്രായങ്ങൾക്കൊപ്പം മലയാളം സംസാരിക്കാനറിയില്ലെന്ന് പറയുന്നവരും ഉണ്ടെന്ന് കല്യാണി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നിന്ന് പലപ്പോഴും നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നതെങ്കിലും തനിക്ക് അങ്ങനെയല്ലെന്നും, നല്ല കുട്ടിയാണെന്ന് പറയുന്നവരുണ്ടെന്നും അവർ സൂചിപ്പിച്ചു.
തൻ്റെ പ്രിയപ്പെട്ട വളർത്തുനായ ചത്തതറിഞ്ഞത് ഒരു ഷൂട്ടിനിടെയായിരുന്നുവെന്നും, അന്ന് കരച്ചിൽ നിർത്താനായില്ലെന്നും കല്യാണി വികാരഭരിതയായി പറഞ്ഞു. പ്രിയപ്പെട്ടവർ വിട്ടുപോകുന്നത് താങ്ങാൻ കഴിയില്ലെന്നും, നായയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ വേദന മനസ്സിലാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ദിവസം പത്ത് മിനിറ്റ് മാത്രമാണ് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത്. എന്നാൽ അമ്മയ്ക്ക് താനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറെന്നും, ഇന്റർനെറ്റ് മുഴുവൻ താനാണെന്നുമാണ് വിചാരം. ഫോണിലെ അൽഗോരിതത്തെക്കുറിച്ച് അമ്മയ്ക്ക് ഇപ്പോഴും ധാരണയില്ലെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.