ബാത്ത്റൂം യൂസ് ചെയ്യണമെങ്കിൽ കുറ്റിക്കാട് തന്നെ ശരണം; ഷൂട്ടിന് പോകുമ്പോള്‍ വസ്ത്രം മാറാൻ പല വാതിലുകളും മുട്ടും; ഇപ്പോ കാലം മാറി..; അനുഭവങ്ങൾ പറഞ്ഞ് കരിഷ്മ കപൂര്‍

Update: 2025-08-24 11:36 GMT

മുംബൈ: ബോളിവുഡിൽ 32 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കിയ നടിയായ കരിഷ്മ കപൂർ തന്റെ കരിയറിൻ്റെ തുടക്കകാലത്ത് നിലനിന്നിരുന്ന മോശം സൗകര്യങ്ങളെക്കുറിച്ചും പിന്നീട് സിനിമാരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. അന്ന് ബാത്ത്റൂം സൗകര്യങ്ങൾക്കായി പോലും മൈലുകളോളം നടക്കേണ്ടി വന്നിരുന്നെന്നും, വസ്ത്രം മാറാൻ പോലും ആളുകളുടെ സഹായം തേടേണ്ടി വന്നിരുന്നെന്നും കരിഷ്മ ഓർത്തെടുക്കുന്നു.

താന്‍ കരിയര്‍ ആരംഭിച്ച കാലത്ത് സിനിമാരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലായിരുന്നെന്ന് കരിഷ്മ കപൂർ പറയുന്നു. "ആ കാലത്ത് ബാത്ത്റൂമിൽ പോകണമെങ്കിൽ കുറ്റിക്കാടുകൾക്ക് പിന്നിലേക്കായിരുന്നു പോകേണ്ടി വന്നിരുന്നത്. അന്ന് വസ്ത്രം മാറാനായി അടുത്തുള്ള വീടുകളിലെ ആളുകളോട് അനുവാദം ചോദിക്കേണ്ട ഗതികേടായിരുന്നു," കരിഷ്മ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

"ഇന്ന് പലർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിലാണ് ഞങ്ങൾ ജോലി ചെയ്തിരുന്നത്. ഔട്ട്‌ഡോർ ഷൂട്ടിന് പോകുമ്പോൾ റോഡ് സൈഡിലെ കടകളിലോ വീടുകളുടെ വാതിലുകളിലോ മുട്ടി വസ്ത്രം മാറാൻ അനുവാദം ചോദിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു സെറ്റിൽ തന്നെ 35 ട്രെയിലറുകൾ പാർക്ക് ചെയ്തിടാൻ സാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു," കരിഷ്മ കൂട്ടിച്ചേർത്തു.

കരിഷ്മയുടെ വാക്കുകൾ അനുസരിച്ച്, സിനിമാരംഗത്തുണ്ടായ സാങ്കേതികപരമായ മാറ്റങ്ങളും വിസ്മയിപ്പിക്കുന്നതാണ്. "ഞാൻ ആദ്യമായി എന്നെ മോണിറ്ററിൽ കണ്ടത് 'ദിൽ തോ പാഗൽ ഹേ' എന്ന ചിത്രത്തിന്റെ ഡാൻസ് ഓഫ് എൻവിയുടെ ചിത്രീകരണത്തിനിടെയാണ്. അതിന് മുൻപ് റോ ഫൂട്ടേജ് കണ്ടിട്ട് പോലുമില്ല. സിനിമ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമാണ് ഫലം കാണാൻ സാധിച്ചിരുന്നത്," കരിഷ്മ ഓർത്തെടുത്തു. 

Tags:    

Similar News