കേരള സ്റ്റോറി 2വിലെ വിവാദമായ 'ബീഫ് രംഗം' യാഥാർത്ഥ്യം; മുഖ്യമന്ത്രി വസ്തുതകൾ മനസ്സിലാക്കണമെന്നും കാമാഖ്യ സിംഗ്; പത്രവാർത്തകളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് വിശദീകരണം; വിമർശനങ്ങളെ തള്ളി സംവിധായകൻ

Update: 2026-02-19 07:03 GMT

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയിലറിന് നേരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്. രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയ്‌ലറിന് മലയാളികളിൽ നിന്ന് ഉൾപ്പെടെ വലിയ വിമർശനം നേരിട്ട സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം.

യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം; വിമർശകർക്ക് മറുപടിയുമായി സംവിധായകൻ

കേരളത്തിലെ സാഹചര്യങ്ങൾ മാത്രമല്ല, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സാഹചര്യങ്ങളും ചിത്രത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കട്ടെയെന്നും പത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങളാണ് സിനിമയിൽ വിശദീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയെ വിവാദമാക്കുകയല്ല, സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും സംവിധായകൻ ഊന്നിപ്പറഞ്ഞു. ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ ട്രോളിന് ഇടയാക്കിയിരുന്നു.ഈ രംഗവും യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്ന് സംവിധായകൻ വ്യക്തമാക്കി.

അതേസമയം, 'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് സമാനമായി വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും എന്നാണ് പ്രധാന വിമർശനം. ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണമാകുന്നത്.

വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ കേരളത്തെ ഭയപ്പെടുന്നുവെന്ന് പിണറായി വിജയൻ

ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ചിത്രത്തിനെതിരെ ശക്തമായ നിലപാടെടുത്തത്. "കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്," മുഖ്യമന്ത്രി കുറിച്ചു.

"നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ," അദ്ദേഹം കൂട്ടിച്ചേർത്തു.

വിപുൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

Tags:    

Similar News