'എനിക്കിനി നിന്നെ തൊടാനോ, കേള്‍ക്കാനോ കാണാനോ കഴിയില്ല; എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു; നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്; ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും'; മകള്‍ നഷ്ടമായിട്ട് 14 വര്‍ഷം; കുറിപ്പുമായി ചിത്ര
ഗായിക കെ.എസ്. ചിത്ര വീണ്ടും മകള്‍ നന്ദനയെ ഓര്‍ത്തു വാക്കുകളിലൂടെ. 2011 ഏപ്രില്‍ 14-ന് അകാലത്തില്‍ വിട പറഞ്ഞ മകളുടെ ഓര്‍മദിനത്തില്‍, താളം തെറ്റിയ ഒരു അമ്മഹൃദയത്തിന്റെ ദു:ഖമാണ് ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്നേഹത്തെയും വേദനയെയും ചേര്‍ത്തെടുത്ത കുറിപ്പില്‍, വേര്‍പാട് സത്യമായാലും ബന്ധം തളരുന്നതല്ലെന്ന് ചിത്ര ആഴത്തില്‍ രേഖപ്പെടുത്തുന്നു. മകളുടെ ചിത്രം ചേര്‍ത്തുപിടിച്ച് എഴുതിയ കുറിപ്പ്, ഒരു അമ്മയുടെ നിറംചാര്‍ത്തിയ ഓര്‍മ്മകളുടെ പ്രതീകമായി മാറുന്നു.
തനിക്ക് മകളെ സ്പര്‍ശിക്കാനോ കേള്‍ക്കാനോ കാണാനോ കഴിയില്ലെന്നും എന്നാല്‍ വേര്‍പാടിന് ശേഷവും അവളെ അറിയാന്‍ തനിക്ക് കഴിയുന്നുവെന്നും പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നന്ദനയെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ചിത്ര പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
എനിക്കിനി നിന്നെ തൊടാന്‍ കഴിയില്ല, കേള്‍ക്കാനോ കാണാനോ കഴിയില്ല. എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. കാരണം നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്. എന്റെ സ്നേഹമേ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്. ആകാശത്തെ ഏറ്റവും തിളക്കമേറിയ ആ വലിയ താരം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് എട്ടു വയസ്സുകാരിയായിരുന്ന നന്ദന മരണപ്പെട്ടത്.