സിഗരറ്റ് വാങ്ങിച്ച് വരട്ടെ എന്ന് പറഞ്ഞ് പോയതാണ്; പിരിഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയില്ല; ഇപ്പോഴും ആലോചിക്കുമ്പോൾ വേദന ഉണ്ട്; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ
മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടി ലക്ഷ്മിപ്രിയ തന്റെ ബാല്യകാലത്തെ തീവ്രമായ വേദനകളും അനുഭവങ്ങളും പങ്കുവെച്ചു. മാതാപിതാക്കൾ പിരിഞ്ഞതും അമ്മയുടെ സ്നേഹം ലഭിക്കാതെ വളർന്നതും താനനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചാണ് ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞത്.
കബീർ, റംലത്ത് എന്നിവരുടെ മകളായി ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയക്ക് വെറും രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. "ജീവിതത്തിൽ ഞാനെപ്പോഴും മിസ് ചെയ്യുന്നത് 'അമ്മ' എന്ന രണ്ടക്ഷരമാണ്," ലക്ഷ്മിപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. മാതാപിതാക്കൾ പിരിഞ്ഞതിന്റെ കാരണം തനിക്കറിയില്ലെന്നും, പിന്നീട് അച്ഛൻ തന്നെ അമ്മയിൽ നിന്ന് ബലമായി കൊണ്ടുപോവുകയായിരുന്നെന്നും അവർ ഓർത്തെടുത്തു. "അച്ഛൻ സിഗരറ്റ് വാങ്ങി വരാം എന്ന് പറഞ്ഞ് പോയതാണ്, പക്ഷേ തിരികെ വന്നില്ല. അച്ഛൻ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയായിരുന്നു അത്," ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
പിന്നീട്, പതിനാലാം വയസ്സിൽ ആദ്യമായി അമ്മയെ കണ്ടുമുട്ടിയ അനുഭവവും ലക്ഷ്മിപ്രിയ വേദനയോടെ പങ്കുവെച്ചു. അമ്മയുടെ വീട്ടിലെത്തിയ തന്നെ, "ആരാണിത്?" എന്ന ചോദ്യത്തോടെയാണ് അമ്മ സ്വീകരിച്ചത്. സിനിമകളിൽ കണ്ടതുപോലെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുമെന്നോ ഉമ്മ വെക്കുമെന്നോ പ്രതീക്ഷിച്ച തനിക്ക് ആ അനുഭവം വലിയ വേദനയുണ്ടാക്കിയെന്ന് അവർ പറഞ്ഞു. അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ പോലും അമ്മയെത്തിയില്ലെന്നും, ബന്ധുക്കൾ വിളിച്ചിട്ടും അമ്മ പ്രതികരിച്ചില്ലെന്നും ലക്ഷ്മിപ്രിയ വേദനയോടെ ഓർത്തു. അച്ഛൻ രോഗബാധിതനായിരുന്നപ്പോഴും പരിചരിച്ചത് താനാണെന്നും, എന്നാൽ അച്ഛൻ പറഞ്ഞ ചില വാക്കുകൾ കാരണം അദ്ദേഹം മരിച്ചപ്പോൾ പോലും താൻ കാണാൻ പോയില്ലെന്നും അവർ വ്യക്തമാക്കി.