ദക്ഷിണേന്ത്യയിലെ യാഥാര്‍ഥ്യബോധമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു; ബോളിവുഡില്‍ എത്തിയപ്പോള്‍ ആത്മാര്‍ഥതയില്ലാത്ത പ്രോജക്ടുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി; ബോളിവുഡ് ഉപേക്ഷിച്ചതിനെ കുറിച്ച് മധുബാല
ദക്ഷിണേന്ത്യയിലെ യാഥാര്‍ഥ്യബോധമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു
മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നടി മധുബാല. ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറിയതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരക്കയാണ നടി. ലെഹ്രെന്‍ റെട്രോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡില്‍ തുടരാനുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടതിനെക്കുറിച്ച് മധുബാല പരാമര്‍ശിച്ചത്. 1997 ആയപ്പോഴേക്കും തനിക്ക് അതൃപ്തി തോന്നിത്തുടങ്ങിയിരുന്നു എന്ന് അവര്‍ പറഞ്ഞു. സര്‍ഗാത്മകമായ അതൃപ്തി കാരണം അമിതാഭ് ബച്ചനൊപ്പമുള്ള സിനിമ നിരസിച്ചതിനെക്കുറിച്ചും അവര്‍ ഓര്‍മിച്ചു.
'ഞാന്‍ നല്ല ജോലിയല്ല ചെയ്യുന്നതെന്ന് കരുതിയിരുന്നു. ദക്ഷിണേന്ത്യയിലെ യാഥാര്‍ഥ്യബോധമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനുശേഷം, ആത്മാര്‍ഥതയില്ലാത്ത പ്രോജക്ടുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി. സെറ്റുകളില്‍ പോകുന്നതിനുമുമ്പ് ഞാന്‍ ദുഃഖിക്കാന്‍ തുടങ്ങി. ഒരുകാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യം, പിന്നീട് എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി' -മധുബാല കൂട്ടിച്ചേര്‍ത്തു.
അത്തരം ബുദ്ധിമുട്ടിലൂടെ കടന്നുപോയ കാലയളവിലാണ് മധു തന്റെ ജീവിത പങ്കാളിയായ ആനന്ദ് ഷായെ കണ്ടുമുട്ടിയത്. ആ സമയത്തെ അവര്‍ യാദൃശ്ചികമെന്നാണ് വിശേഷിപ്പിച്ചത്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രണയം ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് മധുബാല പറഞ്ഞു. വിവാഹിതയായ ശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറുകയായിരുന്നു.
വിവാഹത്തിന് തൊട്ടുമുമ്പാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ മധുബാലക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ അവര്‍ അത് നിരസിച്ചു. പിന്നീട് സൗന്ദര്യയാണ് ആ വേഷം ചെയ്തത്. സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ സെക്രട്ടറി പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ താരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എന്ന് താരം കൂട്ടിച്ചേര്‍ത്തു.