ചിട്ടയായ വ്യായമരീതി; ഒരിക്കലും വിശന്നിരിക്കാറില്ല മിതമായി ഭക്ഷണം കഴിക്കും; ഇതൊക്കെയാണ് ഞാൻ ശരിക്കും ചെയ്യുന്നത്; രഹസ്യങ്ങൾ പരസ്യമാക്കി മലെെക
മുംബൈ: വയസ്സ് 50 പിന്നിട്ടിട്ടും യുവത്വം നിലനിർത്തുന്നതിലൂടെ ശ്രദ്ധേയയായ നടിയും ഫിറ്റ്നസ് പ്രചാരകയുമായ മലൈക അറോറ തന്റെ ആരോഗ്യ സംരക്ഷണ രീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെച്ചു. ഇഷ്ടമുള്ള ഭക്ഷണം ഉപേക്ഷിച്ചും അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടരുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകുന്നതായിരുന്നു താരത്തിന്റെ വാക്കുകൾ.
സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ വിത്ത് സോഹ അലി ഖാൻ' എന്ന പോഡ്‌കാസ്റ്റിലാണ് മലൈക തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിലെ തെറ്റിദ്ധാരണകളെക്കുറിച്ചും വിശദീകരിച്ചത്. "പട്ടിണികിടന്നും ഇഷ്ടമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കിയും അശാസ്ത്രീയ ഡയറ്റ് പിന്തുടരുന്നവരാണ് പലരും. എന്നാൽ അമിതമായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് മുടികൊഴിച്ചിൽ, തലകറക്കം, ഊർജ്ജക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഏത് ഭക്ഷണക്രമം പിന്തുടർന്നാലും കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ അൽപ്പം കഴിക്കണം," മലൈക വ്യക്തമാക്കി.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വിശ്വസിക്കുന്ന താരം, എപ്പോഴും ചെറിയ പാത്രങ്ങളിൽ ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. എത്ര തിരക്കുള്ള ദിവസമാണെങ്കിലും വിശന്നിരിക്കാറില്ലെന്നും, മിക്കപ്പോഴും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുമെന്നും മലൈക പറഞ്ഞു. പ്രോട്ടീൻ ഷേക്കുകളോ സപ്ലിമെന്റുകളോ ഉപയോഗിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.