'അവനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി അറിഞ്ഞു'; അമ്മയിൽ മാപ്പ് പറയണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു; പൃഥ്വിയോട് എന്തിനാണ് ഇത്ര ദേഷ്യമെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ

Update: 2026-01-16 12:23 GMT

തിരുവനന്തപുരം: പൃഥ്വിരാജിനെ തുടക്കത്തിൽ തന്നെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചതായി താൻ കേട്ടിട്ടുണ്ടെന്ന് നടി മല്ലിക സുകുമാരൻ. താരസംഘടനയായ 'അമ്മ'യിൽ പൃഥ്വിരാജിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദിലീപും നടൻ സിദ്ദിഖും കെ.ബി. ഗണേഷ് കുമാറും ഉണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഈ വിഷയങ്ങളിൽ പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നതായും അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മല്ലിക സുകുമാരന്റെ തുറന്നുപറച്ചിൽ. "അനന്തഭദ്രം" എന്ന ചിത്രത്തിന് ശേഷം ദിലീപ് ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് പലരോടും പറഞ്ഞതായി തനിക്ക് അറിയാമായിരുന്നു'. പൃഥ്വിരാജ് ഒരു ഉയർച്ചയിലേക്ക് വരുമെന്ന് തോന്നിയത് കൊണ്ടാണ് ദിലീപ് ഇത് ചെയ്തതെന്നും ചിലർ പറഞ്ഞിരുന്നതായി മല്ലിക സുകുമാരൻ പറഞ്ഞു. ഈ വിഷയത്തിൽ താൻ ഇന്നുവരെ ദിലീപിനോട് നേരിട്ട് ചോദിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നീട് 'റോമിയോ' എന്ന ചിത്രത്തിൽ താൻ ദിലീപിന്റെ അമ്മയായി അഭിനയിച്ചപ്പോൾ തന്നോട് ഒരു പിണക്കവും ദിലീപ് കാണിച്ചിരുന്നില്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. എന്നാൽ പിന്നീട് ദിലീപ് സംഘടനകളെ ഭിന്നപ്പിച്ച് എല്ലാറ്റിന്റെയും തലപ്പത്ത് എത്തിയതായി താൻ കേട്ടുവെന്നും അവർ പറഞ്ഞു. പൃഥ്വിരാജ് 'അമ്മ'യിൽ അംഗമായിരുന്ന സമയത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നതായും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. ഖേദം പ്രകടിപ്പിക്കുക എന്നതിന് പകരം 'മാപ്പ്' തന്നെ പറയണമെന്ന് രണ്ട് മൂന്ന് പേർ നിർബന്ധം പിടിച്ചുവെന്നും അവർ പറഞ്ഞു.

ആ സമയത്ത് മുദ്രാവാക്യം വിളിച്ചവരിൽ ദിലീപ്, ഗണേഷ് കുമാർ, സിദ്ദിഖ് എന്നിവർ ഉൾപ്പെട്ടിരുന്നുവെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി. അതേസമയം തനിക്ക് ആരോടും വിരോധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'അവനോട് എന്തിനാണ് ഇത്ര വലിയ ദേഷ്യം, അവൻ തുടങ്ങിയതല്ലേ ഉള്ളൂ' എന്ന് താൻ അന്ന് ചിന്തിച്ചുവെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഭർത്താവായ സുകുമാരനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതുപോലെ പൃഥ്വിരാജിനോടും സമാനമായ സമീപനം ഉണ്ടാകുമോ എന്ന് താൻ ആശങ്കപ്പെട്ടിരുന്നതായും അവർ വെളിപ്പെടുത്തി. 'ഗാലറി വിഷൻ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Tags:    

Similar News