'മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂരപരാക്രമികൾ'; ഷമ്മിയോടും അനുകൂലിച്ചവരോടും ബഹുമാനം; 'വിലായത്ത് ബുദ്ധ'ക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെ മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Update: 2025-11-26 11:56 GMT

കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. സിനിമയിലെ കഥാപാത്രങ്ങളിലൊന്ന് ചെയ്ത നടൻ ഷമ്മി തിലകനെ പിന്തുണച്ചുകൊണ്ടും വിമർശകരെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുമാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയുടെ റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂകളും സൈബർ ആക്രമണങ്ങളും വർധിച്ചിരുന്നു. ഇതിന് പിന്നാലെ, സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

'യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്‍റെയും വല്ല പെണ്ണിന്‍റെയും ഒന്നുമറിയാത്ത കുഞ്ഞിന്‍റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു' -എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്.

'വിലായത്ത് ബുദ്ധ' സിനിമയുടെ നിർമ്മാതാവ് വ്യാജ റിവ്യൂകളിലൂടെ സിനിമയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയങ്ങളെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മല്ലിക സുകുമാരൻ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് 'വിലായത്ത് ബുദ്ധ'. പൃഥ്വിരാജ് സുകുമാരൻ 'ഡബിൾ മോഹനൻ' എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കോട്ടയം രമേശ്, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags:    

Similar News