പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം സംവിധായകന്‍ ആകുക എന്നതായിരുന്നു; പക്ഷേ നടന്നില്ല ഡോക്ടറായി; ഡോക്ടറാകാന്‍ ആഗ്രഹിച്ച് ഞാന്‍ സിനിമയിലും എത്തി; അച്ഛനെക്കുറിച്ച് മമിത പറഞ്ഞ വാക്കുകള്‍ വൈറല്‍
യുവതാരം മമിത ബൈജുവിന്റെ പിതാവായ ഡോ. ബൈജുവിനെ കുറിച്ചുള്ള നടി മീനാക്ഷി അനൂപിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഫേയ്‌സബുക്കിലായിരുന്നു താരത്തിന്റെ കുറിപ്പ്. ഡോ. ബൈജു തന്റെ കുടുംബ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഡോക്ടര്‍ ദിനത്തിലായിരുന്നു പ്രത്യേക കുറപ്പ് മീനാക്ഷി ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ മുന്‍പ് മമിത ബൈജു പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛനെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സംവിധായകന്‍ ആകണം എന്നായിരുന്നു തന്റെ പപ്പയുടെ ആഗ്രഹമെന്നാണ് മമിത പറയുന്നത്. ''സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണ് പപ്പ. ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് ഞാന്‍'' എന്നാണ് മമിത പറയുന്നത്. തന്നെ ഡോക്ടറാക്കണം എന്നായിരുന്നു പപ്പയുടെ ആഗ്രഹമെന്നും മമിത പറയുന്നു. മമിതയുടേയും ആഗ്രഹം അതായിരുന്നു. പക്ഷെ ആറേഴ് സിനിമകള്‍ കഴിഞ്ഞപ്പോള്‍ ആ മോഹം ഉപേക്ഷിച്ചുവെന്നാണ് താരം പറയുന്നത്. പപ്പയ്ക്ക് അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പ ഉള്‍ക്കൊണ്ടു. കാരണം സിനിമാ രംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമ സംവിധായകന്‍ ആവുക എന്നതായിരുന്നു പപ്പയുടെ സ്വപ്‌നം. പക്ഷെ വീട്ടിലെ സാമ്പത്തിക സാഹചര്യം അനുകൂലിച്ചില്ലെന്നാണ് മമിത പറയുന്നത്. പപ്പ നന്നായി പഠിക്കുമായിരുന്നു. അതിനാല്‍ പഠിച്ച് ഡോക്ടറായെന്നും മമിത പറയുന്നു.
ചെറുപ്പത്തില്‍ പപ്പയുടെ ക്ലിനിക്കില്‍ സ്ഥിരമായി പോയിരുന്നതിന്റെ ഓര്‍മകളും മമിത പങ്കുവെക്കുന്നുണ്ട്. ''കുഞ്ഞായിരിക്കുമ്പോള്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. കുട്ടി ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. ഞാനും ഡോക്ടര്‍ ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. കുറച്ചുകൂടി മുതിര്‍ന്നാല്‍ എനിക്കും രോഗികളെ പരിശോധിക്കാമെന്നും മരുന്നുകള്‍ കൊടുക്കാമെന്നും കരുതിയിരുന്നു'' എന്നാണ് താരം പറയുന്നത്.
രോഗം ഭേദമായ പലരും വന്ന് പപ്പയോട് നന്ദി പറയുന്നതും ഇമോഷണലി സംസാരിക്കുന്നതും കണ്ടിട്ടുണ്ടെന്നും മമിത ഓര്‍ക്കുന്നുണ്ട്. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെയാണ് മമിത അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രേമലു കേരളത്തിന്റെ അതിര്‍ത്തിക്ക് അപ്പുറത്ത് വന്‍ വിജയമായതോടെ മമിതയ്ക്കും ആരാധകര്‍ കൂടി. ഇപ്പോഴിതാ വിജയ്ക്കൊപ്പം ജനനായകനില്‍ അഭിനയിക്കുകയാണ് മമിത. സൂര്യയുടെ പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ നായികയായി ഡ്യൂഡ് എന്ന ചിത്രത്തിലും മമിത അഭിനയിക്കുന്നുണ്ട്.