'ആദ്യ രംഗം ഥാർ ഓടിക്കുന്നത്, ഒപ്പം സൂപ്പർ താരം, ആകെ ടെൻഷൻ'; വിജയ്ക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാവരും എന്നെ കൊല്ലുമെന്ന് പേടിയുണ്ടായിരുന്നതായി മാത്യു തോമസ്

Update: 2025-10-20 16:52 GMT

കൊച്ചി: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ്, തൃഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ലിയോ'. ഇപ്പോഴിതാ ചിത്രത്തിലെ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മാത്യു തോമസ്. താൻ ആദ്യമായി ഥാർ ഓടിക്കുന്നതിനിടെയുണ്ടായ ഭയത്തെക്കുറിച്ചും വിജയ്‌ക്കൊപ്പം അഭിനയിച്ചതിലെ സന്തോഷത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. പേർളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു തോമസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'ലിയോ'യിലെ തൻ്റെ ആദ്യ ഷോട്ടിൽ വിജയ്‌ക്കൊപ്പം ഥാറിൽ സഞ്ചരിക്കുന്ന രംഗമായിരുന്നു. തനിക്ക് ഡ്രൈവിംഗ് വലിയ രീതിയിൽ വശമില്ലാതിരുന്നതും, കൂടെയിരിക്കുന്നത് തമിഴ് സൂപ്പർ സ്റ്റാർ വിജയ് ആണെന്നതും വലിയ ടെൻഷന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വണ്ടി ഓടിക്കുന്നതിനിടെ വിജയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാധകർ തന്നെ കൊല്ലുമായിരുന്നെന്നും, ഭാഗ്യത്തിന് യാതൊരു കുഴപ്പവുമില്ലാതെ ആ രംഗം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും മാത്യു തോമസ് കൂട്ടിച്ചേർത്തു.

വിജയ്‌ക്കൊപ്പം അഭിനയിച്ച നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ഞങ്ങൾ ഒരുമിച്ച് സീൻ ചെയ്യുമ്പോൾ ചിരിക്കും. എനിക്ക് ചിരി വരുമ്പോൾ വിജയ് സാർ ചിരിക്കും, ചിരി അടക്കാൻ പ്രയാസം നേരിട്ടപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ് ചിരി കഴിഞ്ഞ ശേഷം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നതായും മാത്യു തോമസ് ഓർത്തെടുത്തു.

മാത്യു തോമസൻ്റെ പുതിയ ചിത്രം 'നെല്ലിക്കാംപൊയില നൈറ്റ് റൈഡേഴ്‌സ്' ഉടൻ തിയേറ്ററുകളിലെത്തും. ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിലുള്ളത്. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    

Similar News