ഇതുവരെ ബറോസ് കണ്ടിട്ടില്ലാത്ത ആളുകളാണ് ചിത്രത്തെ വിമര്‍ശിക്കുന്നത്; സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല; മോഹന്‍ലാല്‍

Update: 2025-01-07 06:57 GMT

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമര്‍ശിക്കുന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

'ഏതോ അദൃശ്യ ശക്തികള്‍ എന്നെ സഹായിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ ബറോസ് സംവിധാനം ചെയ്തത്. ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. എല്ലാം സംഭവിച്ചു പോകുന്നതാണ്. അങ്ങനെ തന്നെയാണ് സംവിധായകന്‍ ആയതും. വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ പറഞ്ഞിരുന്നത് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താല്‍ അതൊരു കുട്ടികളുടെ ചിത്രമായിരിക്കും എന്നാണ്.

അതുപോലെ തന്നെ സംഭവിച്ചു. നാല് പതിറ്റാണ്ടിന് ശേഷം ഞാന്‍ സമൂഹത്തിന് മടക്കി നല്‍കുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. ബറോസ് കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. ഇനി ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകളാണ് വിമര്‍ശിക്കുന്നത്. എനിക്ക് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇഷ്ടമാണ്. ഞാന്‍ അത് സ്വീകരിക്കുന്നു.

ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ബറോസിനെയും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള എന്റെയും എന്റെ ടീമിന്റെയും എളിയ ശ്രമം മാത്രമാണ് ബറോസ്'.- മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയിരുന്നു. സന്തോഷ് ശിവനാണ് ബറോസിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Tags:    

Similar News