പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥന; എല്ലാ സിനിമകളും തിയറ്ററുകളില്‍ ഓടുകയും പ്രേക്ഷകര്‍ അതിനെ ബഹുമാനിക്കുകയും ചെയ്യണം: മോഹന്‍ലാല്‍
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഉള്‍പ്പടെ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടെ പുഷ്പ 2വിന്റെ വമ്പന്‍ വിജയത്തേക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് താരം പറഞ്ഞത്. പുഷ്പ മാത്രമല്ല എല്ലാ സിനിമകളും മികച്ച വിജയമാവണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. സിനിമ മേഖലയുടെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കണം. എല്ലാ സിനിമകളും തിയറ്ററുകളില്‍ ഓടുകയും പ്രേക്ഷകര്‍ അതിനെ ബഹുമാനിക്കുകയും ചെയ്യണം. നിരവധി വമ്പന്‍ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. ഞാന്‍ വളരെ കാലം മുന്‍പ് കാലാപാനി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അന്ന് അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. - മോഹന്‍ലാല്‍ പറഞ്ഞു.
ഫാന്റസി ചിത്രമായി എത്തുന്ന ബറോസ് ഡിസംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. മുംബൈയില്‍ വച്ച് നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍ പങ്കെടുത്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.