മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരുന്നു; ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ലാല്‍ അതിനേക്കാള്‍ ഏറെ അമ്പരന്നു, ദൈവമേ എന്ന് വിളിച്ചുപോയി; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് ഫാസില്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത് മോഹന്‍ലാലിന്റെ ആദ്യ സിനിമയുടെ സംവിധായകനായ ഫാസില്‍ ആണ് റിലീസ് തിയതി പുറത്തുവിട്ടത്. റിലീസ് തിയതിയുടെ സവിശേഷത വ്യക്തമാക്കിക്കൊണ്ടുള്ള ഫാസിലിന്റെ വിഡിയോയ്ക്കൊപ്പമായിരുന്നു പ്രഖ്യാപനം.
മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ അതേ ദിവസം തന്നെയാണ് ബറോസും എത്തുന്നത്. ബറോസിന്റെ റിലീസ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫാസില്‍ തന്നെയാണ് ഈ സവിശേഷത കണ്ടെത്തിയത്. മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ താന്‍ അമ്പരന്നുപോയെന്നാണ് ഫാസില്‍ വിഡിയോയില്‍ പറയുന്നത്. ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് താന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അതിനേക്കാളേറെ അമ്പരന്നെന്നും അറിയാതെ ദൈവമേ എന്നു വിളിച്ചുപോയെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. പാച്ചിക്കയുടെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ആണ് വിഡിയോ പങ്കുവച്ചത്.
'മോഹന്‍ലാല്‍ എന്ന 19കാരനെ ഇന്നറിയുന്ന മോഹന്‍ലാലാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. സൂപ്പര്‍ഹിറ്റായ ചിത്രം മലയാള സിനിമയുടെ തന്നെ ഗതി മാറ്റി എന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തന്നെ നായകനായ മണിച്ചിത്രത്താഴ് എത്തുന്നത്. അത് സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റായി. മഞ്ഞില്‍ വിരിഞ്ഞ പൂവ് റിലീസായത് 1980 ഡിസംബര്‍ 25നായിരുന്നു. മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബര്‍ 25നായിരുന്നു. മോഹന്‍ലാലിന്റെ ബറോസും റിലീസ് ചെയ്യുന്നത് ഡിസംബര്‍ 25നാണ്.
നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് ഇടയില്‍ മുത്തിമുത്തി പഠിച്ചെടുത്ത കഴിവുകൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ എത്തുക. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ എന്താണ് പറയേണ്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂവിനേക്കാളും മണിച്ചിത്രത്താഴിനേക്കാളും മുകളില്‍ നില്‍ക്കുന്ന അതുല്യ കലാസൃഷ്ടിയായിരിക്കും ബറോസ് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ആഗോള ഇതിഹാസ ചിത്രമായി മാറട്ടെ എന്നും ആഗ്രഹിക്കുന്നു.'- ഫാസില്‍ പറഞ്ഞു.