'നീയൊരു നടിയാണ്, ഭയങ്കര ഇംപൾസീവ് ആണ്, എനിക്കിത് കൈകാര്യം ചെയ്യാനാകില്ല'; അവൻ എന്നെ വിട്ട് ഓടിപ്പോയി; പക്ഷെ ആ ബന്ധം അവിടെ അവസാനിച്ചത് നന്നായി; തുറന്നു പറഞ്ഞ് മൃണാള്‍ ഠാക്കൂര്‍
മുംബൈ: ടെലിവിഷൻ തിരശീലയിൽ നിന്ന് പാൻ ഇന്ത്യൻ താരമായി വളർന്ന മൃണാൾ ഠാക്കൂർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പങ്കുവെച്ച വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാകുന്നു. താനൊരു സിനിമാ നടി ആയതുകൊണ്ട് മാത്രം തന്നെ ഉപേക്ഷിച്ചു പോയ പഴയ കാമുകനെക്കുറിച്ചാണ് മൃണാൾ തുറന്നു പറഞ്ഞത്. രൺവീർ അൽഹബാദിയയുടെ പോഡ്‌കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
"അവൻ എന്നെ വിട്ട് ഓടിപ്പോയി. നീ ഭയങ്കര ഇംപൾസീവ് ആണ്, എനിക്കിത് കൈകാര്യം ചെയ്യാനാകില്ല എന്നാണ് അവൻ പറഞ്ഞത്. നീയൊരു നടിയാണ്, എനിക്ക് നിന്റെ കരിയറും ജീവിതവും ഉൾക്കൊള്ളാൻ കഴിയില്ലെന്നും അവൻ തുറന്നു പറഞ്ഞു. അവൻ വളരെ ഓർത്തോഡോക്സ് ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അവനോട് ഇപ്പോൾ ദേഷ്യമില്ല. ആ ബന്ധം അവിടെ അവസാനിച്ചത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. അല്ലെങ്കിൽ ഭാവിയിൽ മക്കളെ വളർത്തുന്ന കാര്യത്തിൽ പോലും ഞങ്ങൾ തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമായിരുന്നു," മൃണാൾ പറഞ്ഞു.
ബോളിവുഡിൽ മുൻനിര നായികയായി തിളങ്ങുന്ന താരം, ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും മലയാളികൾക്കിടയിലും ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും സജീവമായ വ്യക്തിയാണ് മൃണാൾ. മൃണാളിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. തമിഴ് സൂപ്പർതാരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്ന് ദീർഘകാലമായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈയിടെ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകളോട് ഇതുവരെ മൃണാളോ ധനുഷോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിദ്ധാന്ത് ചതുർവേദിക്കൊപ്പം അഭിനയിക്കുന്ന 'ദോ ദീവാനെ ഷെഹർ മേം' ആണ് മൃണാളിന്റെ പുതിയ ചിത്രം. ഇതിന് പുറമെ വരുൺ ധവാനോടൊപ്പം മറ്റൊരു ചിത്രവും അണിയറയിലുണ്ട്.