'പങ്കാളി മറ്റൊരാളുമായി ചേർന്ന് വഞ്ചിക്കുമോ എന്നാണ് ഭയം, സ്നേഹം കുറഞ്ഞാൽ തുറന്നുപറയണം'; ചർച്ചയായി ജീവിത പങ്കാളിയെ കുറിച്ചുള്ള മൃണാൾ താക്കൂറിന്റെ വാക്കുകൾ
മുംബൈ: തെന്നിന്ത്യൻ താരം ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രണയബന്ധങ്ങളിലെ തൻ്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് നടി മൃണാൾ താക്കൂർ മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. ഒരു ബന്ധത്തിൽ വഞ്ചിക്കപ്പെടുമോ എന്നതാണ് ഏറ്റവും വലിയ പേടിയെന്ന് മൃണാൾ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ധനുഷ് തൻ്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.
യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അല്ലാബാഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മൃണാൾ തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. പങ്കാളിക്ക് തന്നോട് സ്നേഹം കുറഞ്ഞാൽ അത് തുറന്നുപറയണമെന്നും മറ്റൊരാളുമായി ചേർന്ന് വഞ്ചിക്കുമോ എന്നതാണ് തൻ്റെ പ്രധാന ഭയമെന്നും അവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'എനിക്ക് മുമ്പ് തോന്നിയ അതേ സ്നേഹം ഇപ്പോൾ അനുഭവപ്പെടുന്നില്ല' എന്ന് പങ്കാളി സത്യസന്ധമായി പറയുന്നത് കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൃണാൾ കൂട്ടിച്ചേർത്തു.
യഥാർത്ഥ പ്രണയത്തിനാണ് ജീവിതത്തിൽ പ്രാധാന്യം നൽകുന്നതെന്നും മൃണാൾ വ്യക്തമാക്കി. എല്ലാം തികഞ്ഞ ഒരാളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. മുൻപ് ഹൃദയവേദനകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അതിനെ ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമായി കാണുന്നുവെന്നും അവർ പറഞ്ഞു.മുംബൈയിൽ നടന്ന 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിൻ്റെ പരിപാടിക്കിടെ ധനുഷും മൃണാളും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്.
ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാളിൻ്റെ ജന്മദിന ആഘോഷത്തിൽ ധനുഷ് പങ്കെടുത്തതും, ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ധനുഷിൻ്റെ പുതിയ ചിത്രം 'തേരേ ഇഷ്ക് മേ'യുടെ അണിയറ പ്രവർത്തകർക്കായി ഒരുക്കിയ പാർട്ടിയിൽ മൃണാൾ പങ്കെടുത്തതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. ഇതിനുപുറമെ, മൃണാൾ ധനുഷിൻ്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ തുടങ്ങിയതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.