ഇന്‍ ഹരിഹര്‍ നഗറിലെ ചെറുപ്പക്കാര്‍ക്ക് പകരം വീട്ടമ്മമാര്‍; മായയും ഫാമിലിയും മാനുവലും ഫാമിലിയുമായി; ഇന്‍ ഹരിഹര്‍ നഗറും സൂക്ഷ്മദര്‍ശിനിയും തമ്മിലുള്ള 'രഹസ്യ ബന്ധം' പങ്കുവച്ച് തിരക്കഥാകൃത്തുക്കള്‍
ഹരിഹര്‍ നഗറും സൂക്ഷ്മദര്‍ശിനിയും തമ്മിലുള്ള 'രഹസ്യ ബന്ധം'
കൊച്ചി: അയല്‍പ്പക്കത്തെ വീട്ടില്‍ നടക്കുന്നതറിയാന്‍ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുടെ കഥ പല ആവര്‍ത്തി നമ്മള്‍ സിനിമയിലൂടെ കണ്ടിട്ടുണ്ട്. എന്നാല്‍ അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണില്‍ കണ്ട കാഴ്ചകള്‍ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ 'സൂക്ഷ്മദര്‍ശിനി'. ആകര്‍ഷകമായ തിരക്കഥയും ബേസില്‍ ജോസഫിന്റെയും നസ്രിയ നസീമിന്റെയും സൂക്ഷ്മ പ്രകടനങ്ങളും കൊണ്ട് എന്‍ഗേജിങ് ആയ ഒരു മിസ്റ്ററി ത്രില്ലറാണ് സൂക്ഷ്മദര്‍ശിനി.
'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയറ്ററുകളില്‍ മുന്നേറുകയാണ്. വേറിട്ട രീതിയിലുള്ളൊരു ത്രില്ലറാണെന്നാണ് ചിത്രത്തെ കുറിച്ച് ഏവരും പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയിലെ ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 'സൂക്ഷ്മദര്‍ശിനി'യുടെ തിരക്കഥാകൃത്തുക്കളായ അതുല്‍ രാമചന്ദ്രനും ലിബിനും.
'സൂക്ഷ്മദര്‍ശിനി ഡിസൈന്‍ ചെയ്യുന്ന സമയത്ത് ഒരു നൈബര്‍ഹുഡ് ബേസ് സിനിമ വേണമെന്ന് എന്ന് സംവിധായകന്‍ എംസിക്ക് ധാരണയുണ്ടായിരുന്നു. അതിനാല്‍ തന്നെ ലൊക്കേഷന്‍ വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബര്‍ഹുഡ് സിനിമകള്‍ ഏതൊക്കെയാണ് എന്നാണ് ഞങ്ങള്‍ ആദ്യം ചിന്തിച്ചത്. 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്', 'ഇന്‍ ഹരിഹര്‍ നഗര്‍' ഇതൊക്കെയാണ് മനസ്സിലെത്തിയത്. 'ഇന്‍ ഹരിഹര്‍ നഗറില്‍' പണിയില്ലാത്ത 4 ചെറുപ്പക്കാരുടെ വീടിന്റെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ, അതില്‍ യുവാക്കള്‍ക്ക് പകരം വീട്ടമ്മമാരാക്കി.
അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതില്‍ മാനുവലും ഫാമിലിയും ആക്കി. ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയാണ്. അതില്‍ നിന്നാണ് സൂക്ഷ്മദര്‍ശിനി എന്ന ടൈറ്റില്‍ ഉണ്ടായത്. പിന്നെ പ്രിയദര്‍ശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്‌ക്രിപ്റ്റ് ഒരുക്കിയത്. സിനിമയില്‍ ജിയോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകള്‍ കണ്ടുപിടിച്ചത് തന്നെ വലിയ പ്രൊസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവില്‍ പരസ്യം കൊടുത്തു. ഒടുവില്‍ ഷൂട്ടിന് ആറുമാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത്', അതുലും ലിബിനും പറഞ്ഞു
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി'യില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.