'സിനിമ ആളുകളെ സ്വാധീനിക്കും, പക്ഷെ അതുകൊണ്ട് മലയാളികൾ ബീഫും പൊറോട്ടയും കഴിക്കാതിരിക്കുമോ?'; ഞങ്ങൾ ബീഫ് കുറയ്ക്കാൻ കാരണം ഇതാണ്; തുറന്നുപറഞ്ഞ് ബിന്നിയും നൂബിനും
കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് ഉയർന്ന ബീഫ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി മിനിസ്ക്രീൻ താരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിൻ ജോണിയും. ആരോഗ്യപരമായ കാരണങ്ങളാലാണ് തങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചതെന്നും, സിനിമ കണ്ടിട്ടല്ലെന്നും ഇരുവരും അറിയിച്ചു. ബിന്നിയുടെ പുതിയ ക്ലോത്തിങ്ങ് ബ്രാൻഡിന്റെ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.
2023-ൽ പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന നിലയിൽ തിയറ്ററുകളിൽ എത്താനിരിക്കുന്ന 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‍ലറാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വിവാഹിതയായ ഒരു ഹിന്ദു യുവതിയെ മുസ്‍ലിം കുടുംബം നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ട്രെയ്‌ലറിലുണ്ടായിരുന്നു. ഈ രംഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
"സിനിമകൾ കണ്ടാൽ ആളുകൾ സ്വാധീനിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, 'ദി കേരള സ്റ്റോറി' കണ്ടതുകൊണ്ട് മലയാളികൾ പൊറോട്ടയും ബീഫും ഉപേക്ഷിക്കുമോ? സിനിമ കണ്ട് സ്വാധീനിക്കപ്പെടണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. ആരെങ്കിലും ബീഫ് ഒഴിവാക്കുന്നുണ്ടെങ്കിൽ അത് കൊളസ്ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരിക്കും," ബിന്നി പറഞ്ഞു. യൂറിക് ആസിഡ് വർധിച്ചത് കാരണം തങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചതായും നൂബിന് അധികം ബീഫ് നൽകാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്നോട് ആര് എന്ത് പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നായിരുന്നു വിഷയത്തിൽ നൂബിൻ ജോണിയുടെ പ്രതികരണം.
നേരത്തെ റിലീസ് ചെയ്ത 'ദി കേരള സ്റ്റോറി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ഏകദേശം 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം 300 കോടിയിലധികം കളക്ഷൻ നേടി. മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. എന്നാൽ, ചിത്രത്തിൽ പറഞ്ഞ മതപരിവർത്തനത്തിന്റെ കണക്കുകൾ വസ്തുതാപരമല്ലെന്ന് സംവിധായകൻ തന്നെ പിന്നീട് സമ്മതിച്ചിരുന്നു.