'ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാൻ, എന്നെ ആ കാറ്റഗറിയിൽ പെടുത്തരുത്'; ശരീരഭാഗങ്ങൾ ഫോക്കസ് ചെയ്തു, വാക്കുകൾ വളച്ചൊടിച്ച് ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ചു; ഇത് മനുഷ്യത്വമില്ലായ്മയാണ്; യൂട്യൂബേഴ്സിനെതിരെ ആരതി കൃഷ്ണ
കൊച്ചി: ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും മോശം ക്യാമറ ആംഗിളുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ തന്റെ ശരീരഭാഗങ്ങൾ മോശമായ രീതിയിൽ ഫോക്കസ് ചെയ്ത് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് ആരതി രംഗത്തെത്തിയത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യൂട്യൂബർമാരോട് ഇങ്ങനെ ചെയ്യരുതെന്ന് താൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പ്രതികരിച്ചതിന് പിന്നാലെ മുൻപത്തേക്കാൾ നൂറിരട്ടി മോശമായ രീതിയിൽ വീണ്ടും വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന് ആരതി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
"അത്താണിയിൽ ഒരു പരിപാടിക്ക് പോയപ്പോൾ കുറെ മോശം വീഡിയോകൾ പ്രചരിക്കുന്നത് കണ്ടു. ഇത്തരം ദൃശ്യങ്ങൾ പകർത്തരുതെന്ന് ഞാൻ നേരിട്ട് അഭ്യർത്ഥിച്ചതാണ്. അത് കേൾക്കാതെ പത്ത് മിനിറ്റോളം സമയം എന്റെ ശരീരഭാഗങ്ങൾ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു. ഇത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഇത് കാണുന്നുണ്ട്. ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാൻ. ദയവുചെയ്ത് എന്നെ ആ കാറ്റഗറിയിൽ പെടുത്തരുത്"- ആരതി പറഞ്ഞു.
പരിപാടികൾക്കായി നൽകുന്ന വസ്ത്രങ്ങൾ പലപ്പോഴും സ്വന്തം അളവിലുള്ളതാകില്ലെന്ന് ആരതി വിശദീകരിച്ചു. "മറ്റൊരാൾ തരുന്ന കലക്ഷൻ ഡ്രസ്സുകൾ ഉപയോഗിക്കുമ്പോൾ അത് ശരീരത്തിന് പാകമാകണമെന്നില്ല. കഴുത്ത് ഇറങ്ങിയതാകാം. പല കാര്യങ്ങൾക്കിടയിൽ വസ്ത്രം എപ്പോഴും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. ചെരിപ്പ് ഇടാൻ കുനിയുമ്പോൾ കഴുത്ത് താഴ്ന്നുപോയേക്കാം. ആ സമയം നോക്കി ക്ലോസപ്പിൽ ദൃശ്യങ്ങൾ പകർത്തുന്നത് മനുഷ്യത്വമില്ലായ്മയാണ്."
വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല, തന്റെ വാക്കുകളെപ്പോലും ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് താരം ആരോപിച്ചു. "ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ കട്ട് ചെയ്ത് ലൈംഗിക ചുവയുള്ള ഡയലോഗുകളാക്കി മാറ്റി പ്രചരിപ്പിക്കുന്നു. ഇത്രയും മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് ഇറങ്ങി ജീവിക്കാൻ പേടിയാവുകയാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിക്കരുത്"- പൊട്ടിക്കരഞ്ഞുകൊണ്ട് ആരതി പറഞ്ഞു.
