'മേം ആപ് സബ്‌സേ പ്യാര്‍ കര്‍താ ഹൂം...!'; സിനിമ പ്രൊമോഷൻ പരിപാടിക്കിടെ ഹിന്ദിയിൽ സംസാരിച്ച് സാക്ഷാൽ ടോം ക്രൂസ്; ബോളിവുഡ് സിനിമകൾ ഇഷ്ടമാണെന്നും മറുപടി; കൈയ്യടിച്ച് ആരാധകർ!

Update: 2025-05-18 11:11 GMT

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി പ്രദര്‍ശനം തുടരുകയാണ് ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍: ദി ഫൈനല്‍ റെക്കണിങ്. ഈ പാർട്ടിലും ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന്റെ മാസ്മരികമായ പ്രകടനം തന്നെയാണ് പ്രധാന ഹൈലൈറ്റ്. കാനിലെ പ്രദര്‍ശനത്തിനുശേഷം പ്രേക്ഷകര്‍ അഞ്ചുമിനിറ്റ് നേരമാണ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ വളരെ സജീവമായാണ് താരം പങ്കെടുക്കുന്നത്. കാനിലെ പ്രൊമോഷന്‍ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ടോം ക്രൂസ് ഹിന്ദിയില്‍ സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

'മേം ആപ് സബ്‌സേ പ്യാര്‍ കര്‍താ ഹൂം' എന്ന് പറഞ്ഞുകൊണ്ടാണ് ടോം ക്രൂസ് ഇന്ത്യന്‍ ആരാധകരെ കയ്യിലെടുത്തത്. തനിക്ക് ബോളിവുഡ് സിനിമകള്‍ ഇഷ്ടമാണെന്നും കാന്‍ ചലച്ചിത്രമേളയില്‍ നടി അവ്‌നീത് കൗറുമായുള്ള സംഭാഷണത്തില്‍ താരം വ്യക്തമാക്കി.

മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ദി ഫൈനല്‍ റെക്കണിങ്. മുന്‍ ചിത്രങ്ങളെ പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രവും. 1996-ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങളും വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിട്ടുള്ളത്. 

Tags:    

Similar News