'ചെന്നൈ അധോലോകം ആയിരിക്കും'' എന്ന് കമന്റ്; 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!' എന്ന് വിനീതിന്റെ മറുപടി; വരുന്നത് ത്രില്ലറാണ്; 'കരം' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
'കരം' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തന്റെ പതിവ് സിനിമകളില്‍ നിന്നുമാറി ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുമായാണ് ഇത്തവണ വിനീതിന്റെ വരവ്. 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' 15 വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ വിനീത് പുറത്തുവിട്ടത്. കരം എന്നാണ് ചിത്രത്തിന്റെ പേര്. നോബിള്‍ ബാബു തോമസ് നായകനാവുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് എന്നാണ് സൂചന. നടന്‍ ദിലീപാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനീത് പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ട്രെയിലര്‍ അടുത്തമാസം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പൂജ റിലീസായി സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ ആണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ലസെയര്‍ വര്‍ദുകഡ്‌സെ, നോബിള്‍ ബാബു തോമസ്, ഐരാക്ലി സബനാഡ്‌സേ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്.
വിനീതിന്റെ ആദ്യസംവിധാനസംരംഭമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' 15 വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടുന്നത്. 2010 ജൂണ്‍ 16-നാണ് 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പുറത്തിറങ്ങിയത്. ദിലീപായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാതാവ്.
''2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. ഒരുപാട് നല്ല ഓര്‍മകള്‍, മറക്കാനാവാത്ത അനുഭവങ്ങള്‍.. സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയാണ്.. ഈ സിനിമ, എന്റെ പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണര്‍ ത്രില്ലര്‍ ആണ്. കൂടുതല്‍ അപ്‌ഡേറ്റ്‌സ് പിന്നാലെ. സ്‌നേഹപൂര്‍വം, വിനീത്.''
നിരവധി ആരാധകരാണ് പുതിയ സിനിമയ്ക്ക് ആശംസകളുമായി എത്തുന്നത്. വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടിയും കമന്റുകള്‍ വരുന്നുണ്ട്. ''ചെന്നൈ അധോലോകം ആയിരിക്കും'' എന്ന കമന്റിന്, ''പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!'' എന്നായിരുന്നു വിനീതിന്റെ മറുപടി. ''ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ'', എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നും വിനീത് മറുപടി നല്‍കി.