'സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ 'പരാശക്തി'യെ തകര്‍ക്കാന്‍ നോക്കുന്നു; പേരില്ലാത്ത ഐഡികള്‍ക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം'; ഹേറ്റ് ക്യാംപെയ്‌നെതിരെ പ്രതികരണവുമായി സുധ കൊങ്കര

Update: 2026-01-13 17:26 GMT

ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായ 'പരാശക്തി' എന്ന സിനിമയ്ക്കെതിരെ നടന്‍ വിജയ്യുടെ ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളോടും ഭീഷണികളോടും പ്രതികരിച്ച് സംവിധായിക സുധ കൊങ്കര. വിജയ്യുടെ പേര് പറയാതെയാണ് സുധയുടെ വിമര്‍ശനം. പരാശക്തിക്ക് പേരില്ലാത്ത ഐഡികള്‍ക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത് എവിടെനിന്ന് ഉദ്ഭവിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധ കൊങ്കര പറഞ്ഞു. വിജയ് നായകനാകുന്ന ജനനായകന്റെ എതിരാളിയായി പൊങ്കലിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രമാണ് പരാശക്തി. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നം കാരണം ജനനായകന്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധയുടെ പ്രതികരണം.

'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാല്‍ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരില്‍ നിന്നാണ് വരുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും.' സുധ കൊങ്കര പറഞ്ഞു.

1960കളില്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ സമരത്തെക്കുറിച്ചുള്ള ചിത്രമാണ് പരാശക്തി. സിനിമയെയും അതിലെ അഭിനേതാക്കളെയും താഴ്ത്തിക്കെട്ടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സുധ കൊങ്കര ആരോപിച്ചു. വ്യാജ സോഷ്യല്‍ മീഡിയ ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നാണ് പലരും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലല്ല. മറിച്ച് സ്വന്തം സിനിമ പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള ചില നടന്മാരുടെ ആരാധകരില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അവര്‍ തുറന്നടിച്ചു. തങ്ങള്‍ നിലവില്‍ പോരാടിക്കൊണ്ടിരിക്കുന്നത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഗുണ്ടായിസത്തിനും എതിരെയാണെന്നും സുധ വ്യക്തമാക്കി.

'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാല്‍ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം - നിങ്ങള്‍ക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരില്‍ നിന്നാണ് വരുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും,' സുധയുടെ വാക്കുകള്‍.

വിജയ് ആരാധകരുടെ എക്‌സ് ഹാന്‍ഡിലുകളില്‍ നിന്ന് വന്ന ഭീഷണി സന്ദേശങ്ങള്‍ ഇതിന് ഉദാഹരണമായി സുധ ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പ്രാധാന്യം വിജയ് ആരാധകരോട് മാപ്പ് ചോദിച്ച് അവരില്‍ നിന്ന് 'അപ്പോളജി സര്‍ട്ടിഫിക്കറ്റ്' വാങ്ങുന്നതിലാണെന്നായിരുന്നു ഒരു ആരാധകന്റെ പോസ്റ്റ്. വിജയ് ആരാധകര്‍ ക്ഷമിച്ചാല്‍ മാത്രമേ ചിത്രം ഓടുകയുള്ളൂ എന്ന തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ശിവകാര്‍ത്തികേയന്‍ നായകനായ 'പരാശക്തി' ജനുവരി 10-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 'പരാശക്തി'യും പ്രതിസന്ധി നേരിട്ടിരുന്നു. നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു ദിവസം മുമ്പ് 25 മാറ്റങ്ങളോടെ, യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ചിത്രം ലാഭകരമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

Similar News