'ഈ ഹൊറർ ഏരിയ വലിയ പേടിയാണ്, അത്തരം സിനിമകൾ കാണാറില്ല'; ഒറ്റയ്ക്ക് ആകുന്ന സമയത്ത് എന്നെ ഇതൊക്കെ വേട്ടയാടും; തുറന്ന് പറഞ്ഞ് നിവിൻ പോളി
കൊച്ചി: ഹൊറർ സിനിമകളെ തനിക്ക് ഭയങ്കര പേടിയാണെന്ന് നടൻ നിവിൻ പോളി. നിവിൻ പോളിയും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തിയ ഹൊറർ ഫാന്റസി ചിത്രം 'സർവ്വം മായ'യുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ക്രിസ്മസ് റിലീസ് ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഹൊറർ തനിക്ക് ഏറെ ഭയമുള്ള ഒരു മേഖലയാണെന്നും അത്തരം സിനിമകൾ താൻ കാണാറില്ലെന്നും നിവിൻ പോളി പറഞ്ഞു. യാത്രകളിലും ഷൂട്ടിംഗ് സമയങ്ങളിലും ഒറ്റയ്ക്ക് താമസിക്കുമ്പോൾ ഇതൊക്കെ വേട്ടയാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സർവ്വം മായ'യുടെ ടീസറിൽ കാണിക്കുന്ന, കട്ടിലിനടിയിലും ടോയ്‌ലറ്റിലുമൊക്കെ കയറി നോക്കുന്ന ശീലം തനിക്ക് യഥാർത്ഥ ജീവിതത്തിൽ സ്ഥിരമായുള്ളതാണെന്നും നിവിൻ വെളിപ്പെടുത്തി.
ചിത്രത്തിന്റെ സംവിധായകൻ അഖിൽ സത്യനും സമാനമായ ഭയങ്ങളുള്ളയാളാണെന്നും, വലിയ മുറികൾ ഒഴിവാക്കി ചെറിയ മുറികളാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും നിവിൻ വ്യക്തമാക്കി. 'സർവ്വം മായ' പോലുള്ള സിനിമകൾ ചെയ്യുമ്പോൾ സമാനമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും, ചിത്രത്തിലെ സാഹചര്യങ്ങൾ തനിക്ക് നേരിടേണ്ടി വരുമോ എന്നൊരു ആശങ്ക തനിക്കുണ്ടായിരുന്നെന്നും നിവിൻ പങ്കുവെച്ചു. ഒരു പ്രേതം കൂടെ വന്നാൽ എന്തു ചെയ്യുമെന്നും താൻ അഖിലിനോട് ചോദിച്ചിരുന്നതായും അദ്ദേഹം ഓർമിച്ചു.
ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, കാത്തിരുന്നു കാണാമെന്നും നിവിൻ ചിരിയോടെ പറഞ്ഞു. ചിത്രത്തിൽ പ്രഭേന്തു നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. രൂപേഷ് നമ്പൂതിരിയായി അജു വർഗീസും റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, വിനീത്, രഘുനാഥ് പാലേരി, മധു വാര്യർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.