'ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്'; ആ റോൾ ഭയങ്കര രസമായിട്ട് തോന്നി; ലോകേഷ് കനകരാജിന്റെ 'ബെൻസി'ലെ കഥാപാത്രത്തെക്കുറിച്ച് നിവിൻ പോളി

Update: 2025-12-24 10:25 GMT

കൊച്ചി: ലോകേഷ് കനകരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന 'ബെൻസ്' എന്ന ചിത്രത്തിലെ തന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ നിവിൻ പോളി. ചിത്രത്തിൽ 'വാൾട്ടർ' എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും, നന്മയുടെ ഒരംശം പോലുമില്ലാത്ത കൊടും വില്ലനാണ് ഇയാളെന്നും നിവിൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്.

വില്ലൻ വേഷം ചെയ്യണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നുവെന്നും താരം പറഞ്ഞു. ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്, അങ്ങനെയൊരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താല്പര്യമുള്ളതു പോലെ തോന്നില്ലേയെന്നും നിവിൻ പറഞ്ഞു.

ബെൻസിൽ അഭിനയിക്കാൻ ആദ്യം മറ്റൊരു വേഷമാണ് തന്നെ സമീപിച്ചതെന്നും പിന്നീട് അണിയറ പ്രവർത്തകർ തന്നെ അത് മാറ്റി വില്ലൻ വേഷത്തിലേക്ക് നിശ്ചയിക്കുകയായിരുന്നുവെന്നും നിവിൻ വെളിപ്പെടുത്തി. അതെനിക്ക് ഭയങ്കര രസമായിട്ട് തോന്നി. മെയിൻ വില്ലൻ കഥാപാത്രം തന്നെയാണ്. അതും ഞാൻ നന്നായിട്ട് എൻജോയ് ചെയ്തു. ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമർ ഉണ്ട് താനും ഒരു മെയിൻ വില്ലൻ സാധനവുമുണ്ട് നിവിൻ പറഞ്ഞു.

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (LCU) ഭാഗമാണ്. രാഘവ ലോറൻസ് നായകനായി എത്തുന്ന ചിത്രത്തിൽ സ്വർണ്ണപ്പല്ലും സ്വർണ്ണാഭരണങ്ങളുമായി മാസ്സ് ലുക്കിലാണ് നിവിൻ എത്തുന്നത്.

റോളക്സിനും ഹരോൾഡ് ദാസിനും ശേഷം എൽസിയുവിൽ വരാനിരിക്കുന്ന വാൾട്ടർ എന്ന വില്ലനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. നിവിൻ പോളിയുടെ തകർപ്പൻ തിരിച്ചുവരവാകും ബെൻസ് എന്നാണ് കരുതപ്പെടുന്നത്. നിലവിൽ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' എന്ന ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്.

Tags:    

Similar News