'ലിഫ്റ്റിൽ പിന്നില്‍ നിന്നിരുന്നയാളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്തുവച്ച് അമര്‍ത്തി'; ഞാന്‍ കരണത്തടിച്ചതും അയാള്‍ വാവിട്ട് കരഞ്ഞു; പൊതുവഴികളിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളിൽ മാത്രം നോക്കണമെന്നും അമ്മ പഠിപ്പിച്ചിരുന്നു; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്
കൊച്ചി: തനിക്ക് കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. 19 വയസ്സുള്ളപ്പോൾ ലിഫ്റ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ ഒരാളെ കരണത്തടിച്ച സംഭവവും ഇതിൽ ഉൾപ്പെടുന്നു. അഭിമുഖത്തിൽ സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കവെ പാർവതിയുടെ വെളിപ്പെടുത്തൽ. പൊതുഇടങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പാർവതി ഊന്നിപ്പറഞ്ഞു. ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ പോലും സ്ത്രീകളെ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
19-20 വയസ്സുള്ളപ്പോഴാണ് ലിഫ്റ്റിൽ വെച്ച് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പാർവതി പറഞ്ഞു. ലിഫ്റ്റിൽ തന്റെ പിന്നിൽ നിന്ന ഒരാൾ അയാളുടെ ദേഹം തന്റെ ദേഹത്തോട് ചേർത്ത് അമർത്തുകയായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ അയാളുടെ കരണത്തടിച്ച് പ്രതികരിച്ചെന്നും നടി പറഞ്ഞു. സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് പോലും കരണത്തടിച്ച സ്ഥിതിക്ക് കേസ് വേണ്ടെന്ന് വെക്കാൻ നിർദേശിച്ചതായി പാർവതി വെളിപ്പെടുത്തി. തല്ല് കിട്ടിയ ആൾ ജോലി നഷ്ടപ്പെടുമെന്നും വിവാഹം മുടങ്ങുമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് കാലിൽ വീണെന്നും, "ഇതൊക്കെ ഉണ്ടായിട്ടും നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളെ തടഞ്ഞുനിർത്താൻ സാധിച്ചില്ലേ" എന്ന് താൻ അയാളോട് ചോദിച്ചതായും പാർവതി കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്തും സമാനമായ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാർവതി പറയുന്നു. അമ്മയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട ശേഷം അച്ഛനോടൊപ്പം തിരികെ വരുന്ന വഴി ഒരാൾ തന്റെ നെഞ്ചിൽ അടിച്ചുകൊണ്ട് കടന്നുപോയി. അന്ന് ഒരു കുട്ടിയായിരുന്ന തനിക്ക് ആ സംഭവത്തിന്റെ വ്യാപ്തി മനസ്സിലായില്ലെങ്കിലും, പിന്നീട് 16-17 വയസ്സിൽ ആ സംഭവം ശരീരത്തിലും മനസ്സിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതായി അവർ വ്യക്തമാക്കി. പൊതുവഴികളിലൂടെ എങ്ങനെ നടക്കണമെന്നും പുരുഷന്മാരുടെ കണ്ണുകളിലേക്ക് നോക്കാതെ അവരുടെ കൈകളിലേക്ക് മാത്രം നോക്കി നടക്കണമെന്നും അമ്മ തന്നെ പഠിപ്പിക്കേണ്ടി വന്ന സാഹചര്യവും പാർവതി ഓർമ്മിപ്പിച്ചു.