'ചിരിച്ചു ചിരിച്ച് കണ്ണിൽനിന്ന് വെള്ളം വന്നു, കാലു വേദനിക്കും വരെ ഡാൻസ്'; സിൽവർ ലഹങ്കയിൽ രശ്മിക മന്ദാന, റോയൽ ബ്ലൂ ഷെർവാണിയിൽ ദേവരകൊണ്ട; വൈറലായി 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങൾ

Update: 2026-03-03 09:54 GMT

ഉദയ്‌പൂർ: ആരാധകർ ഏറെ കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഫെബ്രുവരി 26-ന് ഉദയ്‌പൂരിൽ നടന്ന രാജകീയ വിവാഹത്തിന് മുന്നോടിയായുള്ള 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. സിൽവർ നിറത്തിലുള്ള ലഹങ്കയിൽ രശ്മികയും റോയൽ ബ്ലൂ ഷെർവാണിയിൽ വിജയ്‌യും തിളങ്ങിയ ചടങ്ങിനെ 'മാന്ത്രികം' എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

പ്രശസ്ത ഡിസൈൻ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഒരുക്കിയ വസ്ത്രങ്ങളാണ് സംഗീത് നൈറ്റിനായി ഇരുവരും തിരഞ്ഞെടുത്തത്. തിളങ്ങുന്ന സിൽവർ ലഹങ്കയ്ക്കൊപ്പം റോയൽ ലുക്ക് നൽകുന്ന കേപ്പ് കൂടി ചേർന്നപ്പോൾ രശ്മിക അതിമനോഹാരിയായി. സിൽവർ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത റോയൽ ബ്ലൂ ഷെർവാണിയായിരുന്നു വിജയ്‌യുടെ വേഷം. പരമ്പരാഗത ലുക്കിന് മോഡേൺ ടച്ച് നൽകാനായി വിജയ് അണിഞ്ഞ എമറാൾഡ് നെക്ലേസും സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.

ഫെബ്രുവരി 24-നായിരുന്നു സംഗീത് ചടങ്ങുകൾ. ആഘോഷം പുലർച്ചെ 4 മണി വരെ നീണ്ടുവെന്ന് വിജയ് പറയുന്നു. "ചിരിച്ചു ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്ന രാത്രിയായിരുന്നു അത്. കാലുകൾ വേദനിക്കുന്നത് വരെ ഞങ്ങൾ നൃത്തം ചെയ്തു," വിജയ് കുറിച്ചു. പരസ്പരം സർപ്രൈസ് നൽകാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാൽ കുടുംബാംഗങ്ങളുടെ നൃത്തം കണ്ടപ്പോൾ തങ്ങൾ ശരിക്കും സർപ്രൈസ് ആയെന്നും രശ്മിക കൂട്ടിച്ചേർത്തു.

ആനന്ദ് ദേവരകൊണ്ടയും രശ്മികയുടെ അനിയത്തി ഷിമാൻ മന്ദാനയും അടക്കമുള്ള കുടുംബാംഗങ്ങൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ചിത്രങ്ങളിലുണ്ട്. വിവാഹദിവസം അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലായിരുന്നു താരജോഡികൾ എത്തിയത്. ഉദയ്‌പൂരിലെ സ്വകാര്യ ചടങ്ങുകൾക്ക് ശേഷം മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ചാണ് വിവാഹ റിസപ്ഷൻ നടക്കുന്നത്. സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുക്കുന്ന വിരുന്നിനായി കാത്തിരിക്കുകയാണ് ആരാധകർ.

Tags:    

Similar News