നിഗൂഢതകൾ ഒളിപ്പിച്ച് 'പ്രതിമുഖം'; സിദ്ധാർത്ഥ് ശിവ ചിത്രം ഉടനെത്തും; രാജീവ് പിള്ളക്കൊപ്പം മറാത്തി താരം തൻവി കിഷോറും
നിരൂപക പ്രശംസ പിടിച്ചു പറ്റിയ നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകനാണ് സിദ്ധാർത്ഥ് ശിവ. സഹനടനായും നിരവധി ചിത്രങ്ങളിൽ എത്തി. എന്നാൽ താരം നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിദ്ധാർത്ഥ് ശിവയും രാജീവ് പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രതിമുഖം' എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. റിലീസിന്റെ തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.
സിദ്ധാർത്ഥ് ശിവയുടെ സഹോദരൻ വിഷ്ണു വർദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രതിമുഖം'. ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും വിഷ്ണു വർദ്ധനാണ്. കെ എം വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ, മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിദ്ധാർത്ഥ, വിഷ്ണു, റാരിഷ് ജി എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ചത്. 'മാനിഫെസ്റ്റേഷൻ ഓഫ് എക്‌സ്‌റ്റസി' എന്ന ടാഗ്‌ലൈനിനൊപ്പം എത്തിയ ചിത്രത്തിൽ മറാത്തി താരം തൻവി കിഷോർ ആണ് നായിക. ചിത്രത്തിൻ്റെ എഡിറ്റിംഗ് ബോണി ടി വർഗീസ് നിർവഹിച്ചപ്പോൾ സംഗീതം ഒരുക്കിയത് ടോണി ജോസഫ് ആണ്. വിനു തോമസാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.
സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബാഷി, കന്നഡ നടൻ സുന്ദീപ് മലാനി, പുത്തില്ലം ഭാസി, കെപിഎസി മനോജ്, ലാലി മട്ടക്കൽ, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാഥിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, അനിത ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.