എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല; ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം നടത്തിയത്; അഭിപ്രായ പ്രകടനം ഇനിയും തുടരും: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത്; സീരിയല്‍ വിരുദ്ധനല്ല, ആരുടെയും അന്നം മുടക്കില്ല; പ്രേം കുമാര്‍

Update: 2024-12-06 10:54 GMT

കൊച്ചി: താന്‍ സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. 'ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തമാണ്' എന്ന പ്രേം കുമാറിന്റെ വിമര്‍ശനത്തിനെതിരെ മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' രംഗത്തെത്തിയിരുന്നു. ആത്മയ്ക്ക് മറുപടി പറഞ്ഞു കൊണ്ടാണ് പ്രേം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും പ്രേം കുമാര്‍ വ്യക്തമാക്കി. ആരുടേയും അന്നം മുടക്കിയില്ല. ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമര്‍ശിച്ചത്. അഭിപ്രായ പ്രകടനം ഇനിയും തുടരും. ആരുടേയും അന്നം മുടക്കിയില്ല. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രേം കുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം.

'എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് ആതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിംഗ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിംഗിന് സമയമില്ല.''

എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം'' എന്നായിരുന്നു പ്രേം കുമാര്‍ പറഞ്ഞത്.

Tags:    

Similar News