എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് കുമാര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്; പരേഷ് റാവലുമായി ബന്ധപ്പെട്ട 'ഹേര ഫേരി 3' സിനിമാ വിവാദത്തില്‍ പ്രിയദര്‍ശദന്‍
എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് കുമാര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്
മുംബൈ: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍ പിന്മാറിയത് കോടതി കയറുകയാണ്. അക്ഷയ് കുമാര്‍ റാവലിനെതിരെ നിയമ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനിടെ വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരണവുമായി രംഗത്തുവന്നു. നടന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.
'എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പരേഷ് ഞങ്ങളോട് ഒന്നും പറയില്ല. സിനിമ ആരംഭിക്കുന്നതിന് മുമ്പ്, പരേഷിനോടും സുനിലിനോടും ചോദിക്കാന്‍ അക്ഷയ് എന്നോട് ആവശ്യപ്പെട്ടു, ഞാനും അങ്ങനെ ചെയ്തു. അവര്‍ രണ്ടുപേരും സമ്മതം മൂളുകയും ചെയ്തു,' എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
പരേഷ് റാവല്‍ പിന്മാറിയതിന് പിന്നാലെ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷിനെതിരെ വക്കീല്‍ നോട്ട്‌സ് അയച്ചിരുന്നു. ഈ സംഭവത്തില്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു. 'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് പണം നിക്ഷേപിച്ചിട്ടുണ്ട്, അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ നടപടി സ്വീകരിക്കുന്നത്. പരേഷ് റാവല്‍ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല,' എന്നാണ് പ്രിയദര്‍ശന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവര്‍ക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. 2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ല്‍ ഫിര്‍ ഹേരാ ഫേരി എന്ന പേരില്‍ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.