കെഎസ്ആർടിസി പരസ്യത്തിനായി ലാൽ നായകനാകുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശൻ; സൂപ്പർതാരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയിൽ
തൊടുപുഴ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-പ്രിയദർശൻ ടീം. ഈ കോമ്പോയിൽ നിരവധി ഹിറ്റുകളാണ് മോളിവുഡിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ കെ.എസ്.ആർ.ടി.സിക്കുവേണ്ടിയുള്ള പരസ്യചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യചിത്രത്തിൽ മോഹൻലാൽ നായകനാകും. ഇരുവരും ഈ സംരംഭത്തിനായി പ്രതിഫലം വാങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഈ മാസം എട്ട്, ഒൻപത് തീയതികളിലായി തൊടുപുഴയിൽ വെച്ചാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കോന്നി അട്ടച്ചാക്കലിൽ ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക വേദിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരു സൂപ്പർസ്റ്റാറിനെ വെച്ച് ആദ്യമായി പരസ്യം ഇറക്കുന്നത് ഇതാദ്യമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്യചിത്രത്തിനായി പ്രിയദർശൻ തന്റെ സ്റ്റുഡിയോ സൗജന്യമായി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കിലുക്കം', 'വന്ദനം', 'ചിത്രം', 'താളവട്ടം' തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെയാണ് പ്രിയദർശൻ സംവിധാന രംഗത്തേക്ക് അരങ്ങേറിയത്. തന്റെ കരിയറിലെ നൂറാം ചിത്രത്തിലും മോഹൻലാൽ നായകനാകുമെന്ന് പ്രിയദർശൻ നേരത്തെ അറിയിച്ചിരുന്നു. 2027-ൽ ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ആ സിനിമയ്ക്ക് മുൻപാണ് ഈ പരസ്യചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നത്.